മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം പൊലീസ് വീഴ്ചയെക്കുറിച്ച് ഡി.സി.പിയുടെ അന്വേഷണം എസ്.എച്ച്.ഒയുടെ മൊഴിയെടുത്തു

Sunday 08 February 2026 2:17 AM IST

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് തിരുവനന്തപുരം ഡി.സി.പി അന്വേഷണം തുടങ്ങി. മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ മൊഴിയെടുത്തു. ഡി.സി.പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ. കാർത്തിക് അറിയിച്ചു.

അപകടമുണ്ടായ വ്യാഴാഴ്ച രാത്രി തന്നെ രാജുവിനെ കസ്റ്റഡിയിലെടുക്കാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി ഡി.സി.പിയെ ചുമതലപ്പെടുത്തിയത്. അതേസമയം, പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്.എച്ച്.ഒ വിമൽ മൊഴി നൽകിയത്. പുലർച്ചെ ഒരു മണിയോടെ തന്നെ നടപടികൾ തുടങ്ങിയിരുന്നു. അപ്പോൾ കാർ കണ്ടെത്താൻ കഴിയാതിരുന്നത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആക്ഷേപത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. രാത്രി വീട്ടിലെത്തിയ പൊലീസ്, രാജു അവിടെയില്ലെന്നും മൊബൈൽ സ്വിച്ച്ഡ് ഓഫ് ആണെന്നും പറഞ്ഞ് മടങ്ങിയിരുന്നു. പ്രധാന റോഡുകളിലെ സി.സി ടിവി പരിശോധിച്ച് രാത്രി തന്നെ കാർ കസ്റ്റഡിയിലെടുക്കാത്തതും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പരിശോധനയ്ക്കായി രാജുവിന്റെ രക്തസാമ്പിൾ ശേഖരിച്ചത് അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ്. ഇത് കൃത്യമായ പരിശോധനാഫലം ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കി എന്നും വിമർശനമുണ്ട്. അതേസമയം, അപകടത്തിന് പിന്നാലെ വിവരം പൊലീസിനെ വിളിച്ചറിയിച്ചെന്ന മണിയൻപിള്ള രാജുവിന്റെ വാദം മ്യൂസിയം പൊലീസ് തള്ളി.

അപകടസ്ഥലത്ത് രാജുവിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വെളളിയാഴ്ച രാവിലെ അഭിഭാഷകൻ മുഖേനയാണ് രാജു പൊലീസിനെ ബന്ധപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ രക്തസാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കും.