കൗൺസിൽ യോഗത്തിൽ നാടകീയത, അജൻഡ ഇംഗ്ലീഷിലായതോടെ എതിർപ്പ്,​ മലയാളത്തിൽ വിശദീകരിച്ച് ഉദ്യോഗസ്ഥർ

Sunday 08 February 2026 3:02 AM IST

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി രണ്ടാംഘട്ടത്തിന്റെ ഭാഗമായി കോർപ്പറേഷനിലെ 151 കോടിയുടെ പദ്ധതികൾ സംബന്ധിച്ച അജൻഡ ഇംഗ്ലീഷിൽ തയ്യാറാക്കി നൽകിയതിനെച്ചൊല്ലി കൗൺസിലിൽ നാടകീയ രംഗങ്ങൾ. ഇന്നലെ ചേർന്ന കോർപ്പറേഷന്റെ അടിയന്തര കൗൺസിൽ യോഗമാണ് വിഷയം പരിഗണിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം എതിർത്തതോടെ അജൻഡ വായിച്ച് മലയാളത്തിൽ വിശദീകരിക്കാൻ മേയർ വി.വി.രാജേഷ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മലയാളത്തിൽ അജൻഡ വിശദീകരിച്ചതോടെ അംഗങ്ങൾ ശാന്തരായി. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ കൗൺസിലർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പലവട്ടം രാഷ്ട്രീയ ആരോപണങ്ങളുമായി വാദപ്രതിവാദമുണ്ടായി. ഒടുവിൽ അജൻഡ പാസായതായി അറിയിച്ച് മേയർ യോഗം പിരിച്ചുവിടുകയായിരുന്നു. സ്‌മാർട്ട് സിറ്റി ഒന്നാംഘട്ടം വിജയകരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടത്തിൽ നഗര ശുചിത്വ മാലിന്യ സംസ്‌കരണത്തിനും നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ അടിയന്തരമായി നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

എന്നാൽ മേയർക്കും ബി.ജെ.പി കൗൺസിലർമാർക്കും ഡൽഹി യാത്രയുള്ളതിനാൽ അടിയന്തര കൗൺസിൽ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. 12 പേജുള്ള അജൻഡ ഇംഗ്ലീഷിലായതോടെ അംഗങ്ങൾ പലരും വലഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ചേർന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ചചെയ്യാതെ കൗൺസിലിൽ ഈ വിഷയം കൊണ്ടുവന്നതിനെ അംഗങ്ങൾ എതിർത്തു. സാങ്കേതികവിഷയങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ അജൻഡ തയ്യാറാക്കിയാൽ അംഗങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും 101കൗൺസിലർമാരെയും ബോദ്ധ്യപ്പെടുത്തി മാത്രമേ പാസാക്കാവൂവെന്നും യു.ഡി.എഫിലെ കെ.എസ്.ശബരീനാഥൻ ആവശ്യപ്പെട്ടു. ഭരണഭാഷ മലയാളമായിരിക്കെ അജൻഡ ഇംഗ്ലീഷിൽ അച്ചടിച്ചത് അംഗീകരിക്കില്ലെന്ന് എൽ.ഡി.എഫിലെ ആർ.പി.ശിവജിയും ഉന്നയിച്ചു.

എൽ.ഡി.എഫിലെ കെ.ശ്രീകുമാർ,വഞ്ചിയൂർ ബാബു,രാഖി രവികുമാർ തുടങ്ങിയവരും യു.ഡി.എഫിലെ ഹരികുമാർ,മേരിപുഷ്‌പം എന്നിവരും എതിർത്തു. അടുത്തൊരു കൗൺസിലിലേക്ക് വിഷയം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സമയപരിമിതി ചൂണ്ടിക്കാട്ടിയ മേയർ അജൻഡ വിശദീകരിക്കാൻ സ്‌മാർട്ട് സിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ കൗൺസിലിനുശേഷം ജനുവരി അവസാനമാണ് കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചതെന്നും തുടർന്നുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയാണ് യോഗത്തിലെത്തിച്ചതെന്നും സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ആർ.ഗോപൻ വിശദീകരിച്ചു.

അജൻഡയിൽ സ്‌മാർട്ട് സിറ്റി രണ്ടാംഘട്ടമെന്ന് പരാമർശിക്കാതെ സി.ഐ.ടി.ഐ.ഐ.എസ് 2.0 എന്ന കേന്ദ്രസർക്കാർ പദ്ധതിക്കിട്ടിരിക്കുന്ന പേരാണ് ഉൾപ്പെടുത്തിയിരുന്നത്. വ്യക്തതയില്ലാതെ അജൻഡ അവതരിപ്പിക്കരുതെന്ന രാഖി രവികുമാറിന്റെ അഭിപ്രായത്തോട് ബി.ജെ.പിയിലെ വി.ജി.ഗിരികുമാറും യോജിച്ചു. ഇരുവരും പറഞ്ഞ തിരുത്ത് അംഗീകരിച്ച് അജൻഡ പാസാക്കിയതായി മേയർ അറിയിച്ചു. 151 കോടിയുടെ പദ്ധതിയിൽ 120.08 കോടി കേന്ദ്രവും ബാക്കി 20 ശതമാനം കോർപ്പറേഷൻ സ്വന്തം നിലയിലോ സംസ്ഥാന സർക്കാർ വഴിയോ കണ്ടെത്തണമെന്നാണ് വ്യവസ്ഥ.