ചൂട് കൂടുന്നു: കനാലിലെ വെള്ളം കാത്ത് കർഷകർ

Sunday 08 February 2026 2:43 AM IST

നെയ്യാറ്റിൻകര: വേനൽ എത്താറായിട്ടും നെയ്യാർ ഡാമിൽ നിന്നുള്ള ഇറിഗേഷൻ കനാലുകളിലേക്ക് ജലം തുറന്നുവിടുന്നില്ലെന്ന പരാതിയുമായി കർഷകർ. സാധാരണ കമുകിൻകോട് പള്ളി തിരുനാൾ ദിനങ്ങളിൽ ഇടതുകര കനാൽ വഴി ജലം തുറന്നുവിടാറുള്ളത് പതിവാണ്.തിരുനാളിൽ പങ്കെടുക്കാൻ ധാരാളം വിശ്വാസികൾ ഇവിടെ എത്താറുണ്ട്.അതിനാൽ സമീപപ്രദേശത്ത് ജലലഭ്യത ഉറപ്പാക്കാനാണ് കനാലിലേക്ക് ജലം തുറന്നുവിടുന്നത്.

കനാലിൽ ജലം നിറയുന്നതോടെ ഭൂമിയിലെ ജലവിതാനം ഉയരുകയും സമീപത്തെ വീടുകളിലെ കിണറുകൾ നിറയുകയും ചെയ്യും. കനാൽ ജലത്തെ ആശ്രയിച്ച് ഇരുവശവും കരകൃഷി നടത്തി വന്നിരുന്ന കർഷകരും ദുരിതത്തിലാണ്. നെയ്യാർ ഡാമിൽ നിന്ന് പൂവാർ വരെ എത്തിച്ചേരുന്ന കനാലുകളാണ് ഇപ്പോൾ വറ്റി വരണ്ടിരിക്കുന്നത്. കനാലിൽ പലയിടത്തും ചപ്പുചവറുകൾ നിറഞ്ഞ് ജലസേചന യോഗ്യമല്ലാതായിത്തീർന്നു. ചില സ്ഥലങ്ങളിൽ കനാൽക്കര സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലുമാണ്.

കനാലുകൾ വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഇറിഗേഷൻ വകുപ്പ് തയ്യാറാകുന്നില്ല. കനാലുകൾ ചോർച്ചയടച്ച് നന്നാക്കാത്തതും സുഗമമായ ജലസേചനത്തിന് തടസമാണ്.

കൃഷി നശിക്കുന്നു

ഒരുകാലത്ത് നെൽക്കൃഷിയാൽ സമൃദ്ധമായിരുന്ന പ്രദേശമായിരുന്നു നെയ്യാറ്റിൻകര.എന്നാൽ പിന്നീട് നെൽക്കൃഷി ലാഭകരമല്ലാതായതോടെ ചെറുകിട കർഷകർ കരക്കൃഷിയേക്ക് ചുവടുമാറി. എന്നാൽ ഇപ്പോൾ ജലം കിട്ടാതായതോടെ അതും നിറുത്തിയെന്നാണ് കർഷകർ പറയുന്നത്.

ഇറിഗേഷൻ കനാലുകൾ അറ്റകുറ്റപ്പണി ചെയ്ത് ജലസേചന സൗകര്യം ഒരുക്കണം.അടിയന്തരമായി ജലം തുറന്ന് വിടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ഫോട്ടോ: ഇറിഗേഷൻ കനാലുകളിൽ ചപ്പും ചവറും കുന്നുകൂടികിടക്കുന്നു