ഈ വഴിക്കായി കുമ്പായിക്കാർ കാത്തിരുന്നത് അരനൂറ്റാണ്ട്

Sunday 08 February 2026 11:34 PM IST

പാലാ: അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ പൂവരണി കുമ്പായി കോളനിക്കാർക്ക് വഴിയായി. പഞ്ചായത്തഗം എം.എസ് ശരത്കുമാറിന്റെ (അപ്പു) നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് മീനച്ചിൽ പഞ്ചായത്ത് പതിമൂന്നാം വാർഡിലുള്ള കോളനി നിവാസികളുടെ സ്വപ്‌നം സഫലമാക്കിയത്. താൻ ജയിച്ചാൽ കോളനിയിലേക്ക് വഴി നിർമ്മിക്കുമെന്ന് ശരത്കുമാർ ഉറപ്പ് നൽകിയിരുന്നു. സ്വകാര്യ വ്യക്തി കോളനിയിലേക്ക് വഴികൊടുക്കാൻ തയാറായിരുന്നില്ല. എന്നാൽ പിന്നീട് ഈ സ്ഥലം മറ്റൊരാൾ വാങ്ങിയതോടെയാണ് കോളനിക്കാർക്ക് വഴി തുറന്നുകിട്ടുന്നത്. നടക്കാൻ മാത്രമുണ്ടായിരുന്ന ഇടുങ്ങിയ ഇടവഴി റോഡായി മാറിയതോടെ ഉത്സവതിമിർപ്പിലാണ് കോളനിക്കാർ.

200 മീറ്റർ ദൂരത്തിൽ

പാലാ - പൊൻകുന്നം റോഡിൽ കുമ്പാനി ഭാഗത്ത് നിന്ന് 200 മീറ്റർ ദൂരത്തിൽ ആറരയടി വീതിയിലാണ് റോഡ് നിർമ്മിച്ചത്. സർക്കാർ അനുവദിച്ച ഹൗസിംഗ് കോളനിയാണെങ്കിലും അരനൂറ്റാണ്ടിലധികമായി ഇവിടുത്തെ 20ലേറെ കുടുംബങ്ങൾ ഇടുങ്ങിയ ഇടവഴിയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പ്രായമായവരെയും കിടപ്പുരോഗികളെയും നടപ്പുവഴിയിലൂടെ ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയായിരുന്നു. റോഡ് വന്നതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു.