അറുപത്തി മൂന്നിന്റെ നിറവിൽ പാലോട് മേള

Monday 09 February 2026 1:36 AM IST

പാലോട്: നെൽകൃഷി വ്യാപകമായിരുന്ന കാലത്ത് നിലമുഴാൻ ഇണക്കമുള്ള ഉരുക്കളെ വാങ്ങാനും വില്ക്കാനുമായി തുടങ്ങിയ കന്നുകാലിച്ചന്ത അറുപത്തിമൂന്നിന്റെ നിറവിൽ. ഒരിക്കലും മുടങ്ങാതെ മുന്നേറുന്നതിനു പിന്നിലെ പ്രചോദനവും ദേശ സംസ്കൃതിയുടെ മഹത്വം തന്നെ.1963ഫെബ്രു.7ന് പെരിങ്ങമ്മല ഏലയിലാണ് ആദ്യ കാളച്ചന്ത അരങ്ങേറിയത്.പത്തേക്കറോളം നെൽകൃഷി നടത്തിയിരുന്ന കർഷക മുഖ്യൻ വേലംവെട്ടി ജനാർദ്ദനൻപിള്ളയുടെ നേതൃത്വത്തിൽ കൈപ്പറ്റ വാസുപിള്ള, ഗോവിന്ദൻകുട്ടി നായർ, കുളങ്ങര വാസുപിള്ള, ചെല്ലപ്പൻപിള്ള, റേഷൻകട മാധവൻ പിള്ള, രാമയ്യാപിള്ള, എം.എ.റഹിം, എം.ശിവതാണുപിളള തുടങ്ങിയ കർഷകരാണ് കാളച്ചന്തയ്ക്ക് ചുക്കാൻ പിടിച്ചിരുന്നത്.

പണം മുടക്കി കാർഷികവിളകൾ വാങ്ങുന്ന രീതി അക്കാലത്ത് പാലോട്ട് പതിവായിരുന്നില്ല.കർഷകന്റെ ഒരുല്പന്നം ചന്തയിൽ കൊണ്ടുവരും, ആവശ്യക്കാർ അവ പരസ്പരം വച്ചുമാറും.നിലമുഴുവാനും മരമടിക്കാനും ലക്ഷണമൊത്ത ഉരുക്കൾ തേടി പാണ്ടിനാട്ടിൽ നിന്നും കൊല്ലത്ത് നിന്നും ധാരാളം പേരാണ് ചന്തയിലെത്തിയിരുന്നത്.മകരത്തിൽ കൊയ്തൊഴിഞ്ഞ പാടശേഖരമായിരുന്നു ചന്തയ്ക്ക് വേദിയായിരുന്നത്.കലാമേളയും വിനോദ സഞ്ചാര വാരാഘോഷവും വന്നതോടെ ചന്തയുടെ പേര് മേളയെന്നായി പരിണമിച്ചു.മേളയിൽ പങ്കെടുക്കാൻ വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന പാലോട് നിവാസികൾ ഫെബ്രുവരി ആദ്യവാരം നാട്ടിലെത്തും.

ക്ഷീരകർഷകർക്ക് നല്ലയിനം പോത്തുക്കുട്ടികളെ വാങ്ങാൻ ജില്ലയിൽ അവശേഷിക്കുന്ന ഏക കാളച്ചന്തയാണ് പാലോട്ടേത്.കുടിമാടുകൾ,പാണ്ടിമാടുകൾ,കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ, ഹരിയാന പോത്തുകൾ മുതലായവ ഇക്കുറി വില്പനയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്.വിത്തും വിളകളും ഒരുക്കി മാതൃകാ കർഷകരും മേളയെ സമ്പന്നമാക്കാനെത്തും. മേളയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു നിർവഹിച്ചു. രക്ഷാധികാരി ജോർജ്ജ് ജോസഫ് അദ്ധ്യക്ഷനായി. സാംസ്കാരിക സമ്മേളനം പാലോട് രവി ഉദ്ഘാടനം ചെയ്തു.ഡി.രഘുനാഥൻ നായർ അദ്ധ്യക്ഷനായി. പഞ്ചായത്തു പ്രസിഡന്റുമാരായ പേരയം ജയൻ, അരുൺകുമാർ,വൈസ് പ്രസിഡന്റ് രാധാജയപ്രകാശ്,ജില്ലാ പഞ്ചായത്തംഗം ഡോ.കെ.ആർ.ഷൈജു ത്രിതല പഞ്ചായത്തംഗങ്ങൾ,ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 16ന് മേള സമാപിക്കും

മേളയിൽ ഇന്ന്

രാവിലെ 10ന് ദന്തപരിശോധനാ ക്യാമ്പ്,വൈകിട്ട് 4.30ന് ഓലമെടയൽ മത്സരം, 5ന് പഴമയുടെപെരുമ,മുതിർന്ന പൗരൻമാർക്ക് ആദരം,7ന് എസ്.കെ.വി സ്കൂൾ വിദ്യാർത്ഥികളുടെ നാടകം,8ന് സംഗമം നൃത്തോത്സവം ഫാഷൻ മ്യൂസിക്.