അയ്യപ്പ ഭക്തരിൽ കൂടുതലും കമ്മ്യൂണിസ്റ്റുകാർ, ശബരിമലയിൽ വച്ച് ഭക്തർ ലാൽസലാം പറഞ്ഞതായും കോടിയേരി ബാലകൃഷ്ണൻ

Wednesday 16 October 2019 11:39 PM IST

അരൂർ: അയ്യപ്പ ഭക്തരിൽ കൂടുതലും കമ്മ്യൂണിസ്റ്റുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്ണൻ. ശബരിമലയിൽ പോകുന്നവരുടെ സർവേയെടുത്താൽ അത് മനസിലാകുമെന്ന് കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് വിശ്വാസികൾക്കെതിരാണെന്ന ആരോപണത്തിന് അരൂരിലെ പ്രചാരണ വേദിയിലായിരുന്നു കോടിയേരിയുടെ ഈ മറുപടി. ശബരിമല അടക്കമുള്ള വിശ്വാസ വിഷയങ്ങളിൽ യു.ഡി.എഫും എൻ.ഡി.എയും എൽ.ഡി.എഫിനെ തുടക്കം മുതൽ കടന്നാക്രമിക്കുന്നുണ്ട് . അതിനെ പ്രതിരോധിച്ച് കൊണ്ടായിരുന്നു കോടിയേരിയുടെ മറുപടി.

താൻ ആഭ്യന്തര മന്ത്രിയായിരിക്കെ ശബരിമല സന്ദർശിച്ചപ്പോൾ ഭക്തർ ലാൽസലാം പറഞ്ഞ് അഭിവാദ്യം ചെയ്തതായും കോടിയേരി പറഞ്ഞു. ഇന്നലെ നടന്ന എൽ.ഡി.എഫ് റാലിയിൽ ഉപയോഗിച്ച പല വർണത്തിലുള്ള കൊടികൾ സി.പി.എമ്മിന്റെതല്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. മണ്ഡലത്തിൽ എൽ.ഡി.എഫ് കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ മഞ്ഞ ,പച്ച, നീല, വെള്ള നീല നിറങ്ങളിലുള്ള കൊടികളുപയോഗിച്ചതിനെ കോൺഗ്രസ്സും ബി.ജെ.പിയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു.