ഹൈബ്രിഡ് കഞ്ചാവും ചരസ്സും പിടികൂടി
പടിഞ്ഞാറത്തറ: കാവുംമന്ദം മാടക്കുന്ന് ഭാഗത്തെ സ്വകാര്യ റിസോർട്ടിലെത്തിയവരിൽ നിന്ന് എക്‌സൈസ് ഹൈബ്രിഡ് കഞ്ചാവും ചരസും പിടികൂടി. മഹാരാഷ്ട്ര താനേ സ്വദേശി നവീൻ യെരിസ്വാമി (27), താമരശ്ശേരി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവർ ഒത്തുചേർന്ന ലഹരി പാർട്ടിക്ക് എത്തിയവരാണ് ഇരുവരും. കൽപ്പറ്റ എക്സസൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീനും സംഘവും വയനാട് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് നർക്കോട്ടിക് സ്‌പെഷ്യൽ സ്‌കോഡും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തു തുടർന്ന് അർദ്ധരാത്രിയിൽ ആയിരുന്നു പരിശോധന. എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും കണ്ണികളിൽ ഉൾപ്പെട്ടവരെ പിടികൂടുമെന്നും എക്‌സൈസ് സംഘം അറിയിച്ചു. ജില്ലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് ഇത്തരം ലഹരി പാർട്ടികൾ നടക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും. പാർട്ടിക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. സ്ഥാപനങ്ങളിൽ എത്തുന്നവർ ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സ്ഥാപന നടത്തിപ്പുകാർ ശ്രദ്ധിക്കണമെന്നും എക്‌സൈസ് സംഘം മുന്നറിയിപ്പ് നൽകുന്നു.