'തൊട്ടാൽ പൊള്ളും' പഴം വിപണി
കിളിമാനൂർ: ചൂട് കനത്തതോടെ പഴം വിപണിയിൽ വിലക്കയറ്റം. നിലവിൽ പഴങ്ങളുടെ സീസൺ അല്ലാത്തതും വില വർദ്ധനവിന് കാരണമാണ്. ആപ്പിൾ,മുന്തിരി,തണ്ണിമത്തൻ,ഓറഞ്ച് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ബംഗളൂരു,തമിഴ്‌നാട്, മൈസൂർ,ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ്. ഒരു കിലോ മുന്തിരിയുടെ വിപണി വില 150രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 100രൂപയായി. വ്യത്യസ്ത ഇനം ആപ്പിളുകളും വിപണിയിലുണ്ട്. വിദേശ ആപ്പിളുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്രപ്പഴത്തിന്റെ വില 50ലെത്തി. നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം,മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ അവസാനിച്ചതോടെ അപ്രത്യക്ഷമായി.
തണുപ്പിക്കാൻ തണ്ണിമത്തൻ
വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.നിലവിൽ കിലോയ്ക്ക് 25 രൂപയാണെങ്കിലും ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്.സീസണല്ലാത്ത സമയത്ത് കിലോയ്ക്ക് 10 രൂപ വരെ തണ്ണിമത്തന് വില വരാറുണ്ട്.
പഴങ്ങളുടെ നിലവിലെ വിപണി വില
ആപ്പിൾ - 220-280
മുന്തിരി - 150
ഓറഞ്ച് - 100
മുസംബി - 140
മാമ്പഴം - 180-200
പൈനാപ്പിൾ- 70
നേന്ത്രപ്പഴം- 80
പേരയ്ക്ക- 120
പാഷൻ ഫ്രൂട്ട്-140
കിവി-160
തണ്ണിമത്തൻ-25