വെന്തുരുകി വനം: കാടിറങ്ങി മൃഗങ്ങൾ

Monday 09 February 2026 12:00 AM IST

തൃശൂർ: കഠിനമായ വേനലിൽ വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റുകയും കാട്ടുതീ പടരുകയും ചെയ്തതോടെ വന്യജീവികൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമേ മയിൽ ഉൾപ്പെടെയുള്ള പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങും. മലയോര മേഖലകളിൽ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ജനം ആരോപിക്കുന്നു. അതേസമയം, ജില്ലയിൽ വനംവകുപ്പിന്റെ പ്രാദേശിക റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്കായി 13.5 ലക്ഷത്തിന്റെ വാഹനം അനുവദിച്ചിട്ടുണ്ട്. വന്യജീവി സംഘർഷം തടയാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. റവന്യൂമന്ത്രി കെ.രാജൻ, യു.ആർ.പ്രദീപ് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

റെയിൽപാളങ്ങളിലേക്കും ഇറക്കം

വനമേഖലകളോട് ചേർന്നുള്ള റെയിവേ ട്രാക്കിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഇത് പരിഹരിക്കാൻ വടക്കാഞ്ചേരി, വാളയാർ, ആര്യങ്കാവ്, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വിശദമായ പഠനം നടത്തിയിരുന്നു. എന്നാൽ പ്രതിരോധ നടപടികളുണ്ടായില്ല. വടക്കാഞ്ചേരി അകമല, ഉത്രാളിക്കാവ് ഭാഗങ്ങളിലെ റെയിൽപ്പാളങ്ങളിലും കാട്ടാനയിറങ്ങുന്നുണ്ട്.

എ.ഐ എപ്പോൾ?

വനാതിർത്തികളിൽ കാട്ടാനകളുടെ സാന്നിദ്ധ്യം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയുണ്ട്. വന്യജീവി ആക്രമണങ്ങൾ തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വനാതിർത്തികളിൽ അത്യാധുനിക എ.ഐ ക്യാമറകൾ സ്ഥാപിച്ച് ആനകളുടെ സാന്നിദ്ധ്യം തത്സമയം നിരീക്ഷിക്കാനുള്ള പദ്ധതി കഴിഞ്ഞമാസം തയ്യാറാക്കിയിരുന്നു. കാട്ടാനകളുടെ ചലനം തിരിച്ചറിയുന്ന നിമിഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്‌പോൺസ് ടീമുകൾക്കും മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ് നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ആനയിറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞാൽ ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനുമാകും. ഓരോ വന ഡിവിഷനിലും സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല.

ഫെൻസിംഗുകൾ പുനർനിർമ്മിക്കണം

വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനായി വനപ്രദേശങ്ങളിൽ ഫെൻസിംഗ് ശക്തിപ്പെടുത്തണം. തകർന്നുപോയ ഫെൻസിംഗുകൾ പുനർനിർമ്മിക്കാനായുള്ള നടപടികളെടുക്കണം. നിയമങ്ങളും ചട്ടങ്ങളും മാത്രം മുറുകെ പിടിച്ച് ഫെൻസിംഗ് പുനർ നിർമ്മാണം തടയരുത്.

മന്ത്രി കെ.രാജൻ (അവലോകനയോഗത്തിൽ).