മാനുകൾ കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം; വീഴ്ച വ്യക്തം; നടപടിയില്ല
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകൾ തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് മൂന്ന് മാസം തികയുമ്പോഴും ആർക്കെതിരെയും നടപടിയെടുക്കാതെ അധികൃതർ. സുരക്ഷാ വീഴ്ചയും മാനുകളെ സുരക്ഷിതമായി കൂടണയ്ക്കുന്നതിൽ സംഭവിച്ച പിഴവും പ്രഥമദൃഷ്ട്യാ വ്യക്തം. ഒപ്പം ഉന്നതതല അന്വേഷണവും പൂർത്തിയായി. എന്നാൽ അധികൃതർ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഒരുക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞവർഷം നവംബർ 11ന് പുലർച്ചെയായിരുന്നു മാനുകൾ ചത്തത്. 2025 ഒക്ടോബർ 28ന് മുഖ്യമന്ത്രി സുവോളജിക്കൽ പാർക്ക് തുറന്നുകൊടുത്ത് രണ്ടാഴ്ച തികയും മുൻപേയായിരുന്നു ദാരുണ സംഭവം. പുലർച്ചെ ഭക്ഷണവുമായെത്തിയ ജീവനക്കാരാണ് മാനുകളെ ചത്ത നിലയിൽ കണ്ടത്. തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടർന്നുണ്ടായ ഭയവും സമ്മർദ്ദവും മൂലമുള്ള 'ക്യാപ്ച്ചർ മയോപതി' ആണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭയന്നോടിയ മാനുകൾക്ക് എൻക്ലോഷറിന്റെ ഭിത്തികളിൽ ഇടിച്ചും വീണും പരിക്കേറ്റു. ചത്ത പത്ത് മാനുകൾക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ, വിജിലൻസ് സി.സി.എഫ് ജോർജ് പി.മാത്തച്ചൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിച്ചത്. മാനുകളെ കൂട്ടിലേക്ക് കയറ്റുന്നതിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തി. എന്നാൽ നടപടിയുണ്ടായില്ല. സുരക്ഷാ ഓഡിറ്റ് നടത്താനും നിർമ്മാണത്തിലെ പിഴവ് പരിശോധിക്കാനും ഉന്നതതല സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ആരാണ് കുറ്റക്കാർ?
മാനുകളെ രാത്രി കൂട്ടിലേക്ക് കയറ്റുന്നതിന് താത്കാലികക്കാരായ രണ്ട് ജീവനക്കാർക്കാണ് ചുമതല. ഇവർ ചുമതല നിർവഹിച്ചില്ലെന്ന് കണ്ടെത്തിയെങ്കിലും നടപടിയെടുത്തില്ല. കൂടാതെ എൻക്ലോഷറിലെ മതിലിനിടയിലൂടെയോ പാർക്ക് ഉദ്ഘാടന ആവശ്യങ്ങൾക്കായി തുറന്നിട്ട വഴികളിലൂടെയോ നായ്ക്കൾ അകത്തുകടന്നെന്നാണ് സംശയം. വിഷയം അശ്രദ്ധമായി കൈകാര്യം ചെയ്ത സുവോളജിക്കൽ പാർക്ക് അധികൃതർക്കെതിരെയും നടപടിയില്ല. മാദ്ധ്യമങ്ങൾക്ക് ചിത്രങ്ങളും വാർത്തകളും ചോർത്തിനൽകിയെന്ന് ആരോപിച്ച് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഷമീനെതിരെ നടപടിയെടുക്കുകയും ചെയ്തു.
ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ
നിരീക്ഷണ ക്യാമറകൾ വേലികളുടെ ബലപ്പെടുത്തൽ മാലിന്യ സംസ്‌കരണം സെക്യൂരിറ്റി ഓഡിറ്റ് രാത്രികാല നിരീക്ഷണം.