ചികിത്സ വിഫലം: തെറ്റിക്കൊമ്പൻ മടങ്ങി
വടക്കാഞ്ചേരി : വാഴാനി ഡാം റിസർവോയറിന് സമീപം ചാരായക്കുണ്ട് മേഖലയിൽ മുൻകാലിൽ ഗുരുതരപരിക്കുകളോടെ കണ്ടെത്തി മയക്കുവെടി വച്ച് ചികിത്സ നൽകിയ തെറ്റിക്കൊമ്പൻ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വാഴാനി റിസർവോയറിന് കിലോമീറ്ററുകൾ അകലെ സംരക്ഷിത വനത്തിനുള്ളിലാണ് 25 വയസോളം പ്രായമുള്ള ആനയാണ് ചരിഞ്ഞത്. ജനുവരി 21നാണ് മയക്കുവെടി വെച്ച് ചികിത്സ നൽകിയത്. ജനുവരി 21ന് രാവിലെ ഏഴോടെ ഡോക്ടർമാരായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ:അരുൺ സക്കറിയ, അനുമോദ്, ബിനോയ് സി.ബാബു, ഡേവിഡ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ ആരംഭിച്ചത്. മറ്റ് ആനകളുമായുള്ള സംഘട്ടനത്തിനിടയിലാണ് കൊമ്പന് ഗുരുതര പരിക്കേറ്റത്. ശരീരമാസകലം കുത്തുകൊണ്ട നിലയിലായിരുന്നു. ഇതിൽ ഇടതുകാലിലെ പരിക്കിൽ നിന്ന് പുഴുവരിച്ചിരുന്നു. കൊമ്പൻ വനാതിർത്തിയിൽ അതീവ ഗുരുതരാവസ്ഥയിൽ നിലകൊള്ളുന്ന വിവരവും അത് നാട്ടുകാർ തെറ്റിക്കൊമ്പൻ എന്ന് വിളിപ്പേരിട്ട ആനയാണെന്നും ആദ്യം പുറം ലോകത്തെത്തിച്ചത് കേരളകൗമുദിയാണ്. വെറ്ററിനറി സർജന്മാരായ ഡോ: ഡേവിഡ് അബ്രഹാം (പാലക്കാട്), ഡോ:മിഥുൻ (തൃശൂർ), പീച്ചി വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു.