കെ.എസ്.ആർ.ടി.സി 'പുസ്തകക്കൂടുകളുടെ' സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ
കണ്ണൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും സാംസ്കാരിക സംഘടനയായ 'വായനശാല'യുടെ പുസ്തകക്കൂടുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ കഥാകൃത്ത് ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. 'ആളൊഴിഞ്ഞ മൂലയിലല്ല നാലാളു കൂടുന്നിടത്താണ് പുസ്തകങ്ങളുടെ സ്ഥാനം' എന്ന പ്രഖ്യാപനവുമായി വായനശാല നടപ്പിലാക്കുന്ന പുതിയ സംരംഭമാണ് പുസ്തകക്കൂട്. ബസ് കാത്തിരിക്കുന്ന സമയം യാത്രക്കാർക്ക് വായനയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാൻഡുകളിൽ പുസ്തകക്കൂടുകൾ സ്ഥാപിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ വായനശാല, ഇതിനോടകം തന്നെ നിരവധിയായ സാംസ്‌കാരിക-സാഹിത്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാണ്.