ഫോൺ മോഷണം പതിവാകുന്നു; പിന്നിൽ അന്യസംസ്ഥാന ലോബി
കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ മൊബൈൽ മോഷണം പതിവാകുന്നു. മിക്കവയും തിരികെ ലഭിക്കാറില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ച പ്രദേശങ്ങളിലാണ് മോഷണം വ്യാപകമാകുന്നതെന്നാണ് പ്രധാനമായും ആരോപണം ഉയരുന്നത്. ഫോണിന്റെ സ്‌ക്രീൻ ലോക്കും, പാസ് വേഡും മറന്ന് പോയതിനാൽ ഇത് മാറ്റാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ചകളിൽ നഗരത്തിലെ ഫോൺ സർവീസ് സെന്ററുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ എത്താറുണ്ട്. സമയമെടുക്കും എന്ന് പറയുന്നതോടെ ഇവർ ഫോണുമായി കടക്കുകയാണ് പതിവ്. മോഷണം വ്യാപകമായതോടെ സംശയമുള്ളവർ എത്തിയാൽ പൊലീസുമായി ബന്ധപ്പെടണമെന്ന് സർവീസ് സെന്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെട്ട രണ്ട് ഫോണുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വണ്ടൻമേട് പൊലീസ് തിരിച്ചെടുത്ത് നൽകിയത്. വണ്ടൻമേട് സ്വദേശിനി ആനിയുടെ മോഷണംപോയ ഫോൺ മധ്യപ്രദേശിൽ നിന്നാണ് കണ്ടെത്തിയത്. മോഷ്ടാവ് വിറ്റഴിച്ച ഫോൺ കൈവശം വെച്ചിരുന്നയാളെ ഐ.എം.ഇ.ഐ. നമ്പരിന്റെ സഹായത്തോടെ കണ്ടെത്തിയ പൊലീസ് സമ്മർദ്ദത്തിലാക്കി ഇത് തിരികെ എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട മറ്റൊരു ഫോൺ തമിഴ്നാട്ടിൽ നിന്നും വണ്ടൻമേട് പൊലീസ് വീണ്ടെടുത്തിരുന്നു. സി.ഐ. ഷൈൻകുമാറിന്റെ നിർദേശത്തെ തുടർന്ന് സി.പി.ഒ. അരുൺ ആർ. നായരാണ് ഫോൺ കണ്ടെത്തിയത്. ഫോൺ നഷ്ടമായാൽ ഉടൻ പരാതി രജിസ്റ്റർ ചെയ്യണം. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽആപ്പ്, തുണ വെബ് പോർട്ടൽ എന്നിവയ്ക്ക് പുറമെ പൊലീസ് സ്റ്റേഷനിൽ നേരിട്ടും പരാതി നൽകാം. പരാതിയിൽ ഐ.എം.ഇ.ഐ. നമ്പർ കൃത്യമായി രേഖപ്പെടുത്തണം.