തീ പിടുത്തത്തിനൊപ്പം സ്‌ഫോടനം, ഒരേക്കറോളം കുറ്റിക്കാട് കത്തിനശിച്ചു
കട്ടപ്പന : ഉപ്പുതറയിലുണ്ടായ തീ പിടുത്തത്തിൽ ഒരേക്കറോളം കുറ്റിക്കാടുകൾ കത്തിനശിച്ചു. കാപ്പിപ്പാറ അക്കരയിൽ ജോസുകുട്ടിയുടെ പുരയിടത്തിലാണ് തീ പടർന്നത്. തീ പടർന്നപ്പോൾ സ്‌ഫോടനം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കട്ടപ്പന ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10ന് കാപ്പിപ്പാറ കുരിശും തൊട്ടിക്ക് പിന്നിലായാണ് തീ പിടിച്ചത്. സമീപത്ത് കട നടത്തുന്ന സ്ത്രീയാണ് തീ ആദ്യം കണ്ടത്. നാട്ടുകാർ ചേർന്ന് സമീപത്തെ വീടുകളിലേക്ക് പടരാതെ തീ അണച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. ഇതിനൊപ്പം സ്ഫോടനവും ഉണ്ടായതോടെ ജനങ്ങൾ ഭയപ്പാടിലായി. നാട്ടുകാർ ഉടനടി പൊലീസിലും കട്ടപ്പന ഫയർ ഫോഴ്സിലും വിവരമറിയിച്ചു. രണ്ട് വാഹനങ്ങളിലായി ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. ജോസുകുട്ടിയുടെ പുരയിടത്തിൽ പ്രവർത്തിക്കുന്ന പാറമടയിൽ പൊട്ടിക്കാനായി എത്തിച്ച സ്‌ഫോടക വസ്തു കുറ്റിക്കാട്ടിൽ പലയിടത്തായി ഒളിപ്പിച്ചിരുന്നു. തീ കത്തിയപ്പോൾ ഇവ പൊട്ടിയതാണ് വലിയ ശബ്ദത്തിന് കാരണമായത്. 12 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.