ചെന്നൈയിൽ 'വിസിൽ പോടരുത്"
Monday 09 February 2026 1:47 AM IST
ചെന്നൈ: ട്വന്റി-20 ലോകകപ്പിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിൽ വിസിലിന് അപ്രതീക്ഷിത വിലക്ക്. ഇന്നലെ ചെപ്പോക്കിൽ ന്യൂസിലാൻഡും അഫ്‌ഗാനിസ്ഥാനും തമ്മിൽ നടന്ന ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സ്റ്റേഡിയത്തിൽ വിസിലുമായി പോകാൻ ആരെയും പൊലീസ് അനുവദിച്ചില്ല.
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തിഞ്ഞെടുപ്പ് ചിഹ്നമാണ് വിസിൽ. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പടുത്തത് കണക്കിലെടുത്താണ് വിസിലിന് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം.
ഐ.പി.എല്ലിൽ തമിഴ്നാട്ടിൽ നിന്നുള്ള ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുദ്രാവാക്യം തന്നെ വിസിൽ പോട് (വിസിലടിക്കൂ) എന്നാണ്. വിസിൽ പോട് എന്ന പേരിൽ ഔദ്യോഗിക ഗാനവും അവർക്കുണ്ട്. ചെന്നൈയിലെ ക്രിക്കറ്റ് മത്സരങ്ങളിൽ വലിയതോതിൽ വിസിലൊച്ച മുഴങ്ങാറുമുണ്ട്.