ഷിഫാനയുടെ ഡോക്ടറേറ്റിന് പിതാവിന്റെ ഓർമ്മത്തിളക്കം

Tuesday 10 February 2026 9:02 AM IST

മാന്നാർ: ഡോക്ടറേറ്റ് നേടണമെന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച മാന്നാർ പാലക്കീഴിൽ പി.യു റഷീദിന്റെയും സൈദ റഷീദിന്റെയും മകൾ പി.എ ഷിഫാന (34) അത് സമർപ്പിക്കുന്നത് അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിലാണ്. മാന്നാറിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ പരേതനായ പി.യു റഷീദിന്റെ വലിയ സ്വപനമായിരുന്നു ഏക മകൾ ഡോക്ടറേറ്റ് നേടണമെന്നത്. അതനുസരിച്ചാണ് എം.ജി സർവകലാശാലയിൽ നിന്ന് 'അടിയന്തിരാവസ്ഥക്കാലത്തെ കാർട്ടൂണുകളുടെ ഭാഷാ ശാസ്ത്രപരമായ വായന' എന്ന വിഷയത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. പിതാവിന്റെ പാത പിന്തുടർന്ന് എഴുത്തിലൂടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഷിഫാന ചെങ്ങന്നൂർ പേരിശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറാണ്. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ യു.ജി.സി അഡ്വാൻസ്ഡ് ഡിപ്ലോമയും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഫസ്റ്റ് ക്ലാസ്സോടെ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയിട്ടുള്ള ഈ മിടുക്കി,​ യു.ജി.സി ദേശീയ അംഗീകാരവും എം.ഫിൽ ഇംഗ്ലീഷിൽ ഫാസ്റ്റ് റാങ്കോടെ പാസാവുകയും ചെയ്തു.

എഴുത്തിലും കരുത്ത്

സംസ്ഥാന സാംസ്കാരിക വിഭാഗം നടത്തിയ കേരളപാണിനി എ.ആർ.രാജ രാജ വർമ്മ മെമ്മോറിയൽ ഉപന്യാസ മത്സരത്തിൽ 'സ്പെഷ്യൽ ജൂറി' അവാർഡും തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറിന്റെ 'പ്രഥമ പ്രബന്ധ പുരസ്കാരവും' തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയുടെ 'പ്രബന്ധ പുരസ്കാരവും' ചെറുകഥാ പുരസ്കാരവും ഷിഫാന നേടിയിട്ടുണ്ട്. 2002 ൽ 'അഞ്ചൽ സ്റ്റാമ്പുകൾ' അടിസ്ഥാനമാക്കി എഴുതിയ ലേഖനമാണ് ആദ്യം അച്ചടി മഷി പുരണ്ടത്. തുടർന്ന് നിരവധി രചനകൾ പ്രസിദ്ധീകൃതമായി. കൂടാതെ യു.ജി.സി ദേശീയ അടിസ്ഥാനത്തിൽ നടത്തിയ സെമിനാറുകളിൽ ശ്രദ്ധയമായ വിവിധ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കായംകുളം എം.എസ്.എം കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി.പ്രൊഫ.എൻ.അനസ് ഭർത്താവാണ്. മകൻ: ഇഷാൻ മുഹമ്മദ്.