നെൽവില വിതരണം നിലച്ചു കർഷകർക്ക് തീരാദുരിതം
ആലപ്പുഴ: മില്ലുകാരുടെ കിഴിവ് കൊള്ളയ്ക്ക് പുറമേ, സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാനുള്ള കാലതാമസവും രണ്ടാം കൃഷിക്കിറങ്ങിയ കർഷകർക്ക് തിരിച്ചടിയാകുന്നു. ജനുവരി 15ന് ശേഷം സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് തുക വൈകുന്നതിനാൽ കുട്ടനാട്ടിൽ കർഷകർ ദുരിതത്തിലാണ്. കൃഷിക്കും കൊയ്‌ത്തിനും പലിശയ്ക്കെടുത്തും സ്വർണംപണയം വച്ചും വാങ്ങിയ പണം തിരിച്ചടയ്ക്കാനും വീട്ടുചെലവിനും നിവൃത്തിയില്ലാതെ വലയുകയാണ് കർഷകർ.
വിളവെടുപ്പിന്റെ ആദ്യറൗണ്ടിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് ജനുവരി 15വരെ വിതരണം ചെയ്തത്.ജനുവരി 15വരെ 24,645 ക്വിന്റൽ നെല്ലായിരുന്നു സംഭരിച്ചത്.എന്നാൽ ദിവസങ്ങൾക്കകം കൊയ്ത്ത് ഉഷാറാകുകയും ജനുവരി അവസാനത്തോടെ വിളവെടുപ്പ് ഏകദേശം പൂർത്തിയാകുകയും ചെയ്തതിന് പിന്നാലെയാണ് കർഷകർക്ക് പി.ആർ.എസ് നൽകുന്നതിലും പാഡി പേയ്മെന്റ് ഓഫീസിൽ നിന്ന് രസീത് അംഗീകരിച്ച് പണം നൽകുന്നതും മന്ദഗതിയിലായത്.
നിലവിലെ കണക്കുപ്രകാരം ജനുവരി 15ന് ശേഷം കൈമാറിയ നെല്ലിന്റെ പണമാണ് കർഷകർക്ക് ലഭിക്കാനുള്ളത്. നെൽ വില വിതരണത്തിനുളള ബാങ്കിംഗ് കൺസോർഷ്യമായ എസ്.ബി.ഐയ്ക്കും കാനറ ബാങ്കിനും അനുവദിച്ച പണത്തിനനുസരിച്ചുള്ള വായ്പകൾ ബാങ്കുകൾ ഇതിനകം കർഷകർക്ക് നൽകിക്കഴിഞ്ഞു. സപ്ളൈകോയിൽ നിന്ന് ഫണ്ട് അനുവദിച്ചാൽ മാത്രമേ ശേഷിക്കുന്ന കർഷകർക്ക് നെല്ലിന്റെ വില വിതരണം ചെയ്യാൻ കഴിയൂ.
കൊയ്‌ത്തിനും കാശില്ല
1.രണ്ടാം കൃഷിയുടെ തുടക്കത്തിൽ നെല്ല് കൈമാറിയ കർഷകർക്ക് ഒരാഴ്ചയ്ക്കകം അക്കൗണ്ടിൽ പണം എത്തിയെങ്കിലും
പിന്നീട് പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
2. മില്ലുകളുടെ ഏജന്റുമാർ നൽകുന്ന പി.ആർ.എസ് രസീത് അംഗീകരിച്ച് സപ്ളൈകോ ബാങ്കിലേക്ക് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് നെൽവില വിതരണം ചെയ്യുന്നത്
3.കൊള്ളപലിശയ്ക്ക് പണം കടമെടുത്താണ് കർഷകർ കൊയ്ത്തിനുള്ള പണം പോലും കണ്ടെത്തുന്നത്. ഒരേക്കർ സ്ഥലത്തെ വിളവെടുപ്പിന് ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ചെലവാകും
4. പുഞ്ചകൊയ്ത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കെ കൊയ്ത്തൊരുക്കങ്ങൾക്കും അടുത്ത സംഭരണത്തിന്റെ പണം ലഭിക്കും വരെ നിത്യനിദാന ചെലവുകൾക്കും കർഷകർക്ക് പണമില്ല.
നെല്ല് സംഭരണം
ഇന്നലെ വരെ
സംഭരിച്ചത്...................27,877 മെട്രിക് ടൺ
വില കുടിശിക ........................18.90 കോടി
കർഷകർ................................................9551
നെല്ല് സംഭരിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സ്ഥിതിയാണ്. പുഞ്ചവിളവെടുപ്പ് ആയതോടെ വീട്ടുചെലവിനും കടം വാങ്ങിയ പണത്തിന്റെ പലിശയ്ക്കും ഗതിയില്ലാത്ത നിലയിലാണ് കർഷകർ
- നെൽകർഷക സംരക്ഷണ സമിതി