വരൾച്ച പ്രഖ്യാപനം വൈകുന്നു,​ കുടിവെള്ള വിതരണത്തിന് കളക്ടറുടെ ഇടപെടൽ

Monday 09 February 2026 12:06 AM IST

ആലപ്പുഴ: കടുത്തവേനലും കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടും വരൾച്ച ബാധിത പ്രഖ്യാപനം വൈകുന്നതിനിടെ,​ കളക്ടറുടെ ആശ്വാസ ഇടപെടൽ.

ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ വള്ളികുന്നത്ത് ടാങ്കറുകളിൽ ജലം വിതരണം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവായി. പഞ്ചായത്ത് പ്രസിഡന്റ് സി.അനിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കളക്ടറെ നേരിൽകണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാങ്കറുകളിൽ ജലം വിതരണം ചെയ്യാനാണ് നിർദേശം. വള്ളികുന്നം പഞ്ചായത്തിന് കളക്ടറുടെ അനുമതി ലഭിച്ചതോടെ വരൾച്ച രൂക്ഷമായ സമീപ പഞ്ചായത്തുകളും വരും ദിവസങ്ങളിൽ കളക്ടറെ നേരിൽകണ്ട് കുടിവെള്ള വിതരണത്തിന് അനുമതി തേടും.

ഉത്തരവ് കിട്ടിയാലും ഫണ്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ കുടിവെള്ളം ഉറപ്പാക്കാൻ ജനപ്രതിനിധികളുടെ സമ്മർദ്ദം ശക്തമാക്കിയിരിക്കെ ടാങ്കർ വാടകയ്ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. മുൻവർഷങ്ങളിലെ കണക്ക് പ്രകാരം നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കുറഞ്ഞത് 10 ലക്ഷം മുതൽ പരമാവധി 25 ലക്ഷം രൂപവരെ കുടിവെള്ള വിതരണത്തിന് വേണ്ടിവരും. പ്ളാൻ ഫണ്ടിന്റെ മൂന്നാം ഗഡു തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. നികുതിയേതര വരുമാനം കുറവായ പഞ്ചായത്തുകൾക്ക് തനത് ഫണ്ടിൽ നിന്ന് ഇത്രയും വലിയ തുക നീക്കി വയ്ക്കാനുമാകില്ല. കേന്ദ്ര ഗ്രാന്റിൽ നിന്നോ മറ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക വകമാറ്റുകയേ നിവൃത്തിയുള്ളൂ. ചൂട് കൂടുതൽ കടുക്കുന്നതോടെ സ്ഥിതിഗതികൾ രൂക്ഷമാകും. മാർച്ച് 31ന് മുമ്പ് നിർബന്ധമായും ചെലവഴിക്കേണ്ട പദ്ധതികൾക്ക് പോലും പണമില്ലാത്ത സ്ഥിതിക്ക് കുടിവെള്ള വിതരണത്തിന് കളക്ടറുടെ ഉത്തരവ് ലഭിച്ചാലും

പണത്തിനായി ഉദ്യോഗസ്ഥർക്ക് തലപുകയ്ക്കേണ്ടിവരും.

ജില്ലയിൽ

ഗ്രാമ പഞ്ചായത്തുകൾ ..................72

നഗരസഭകൾ......................................6

ജലവിതരണത്തിനുള്ള ടാങ്കറുകളുടെയും ബോട്ടുകളുടെയും ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏത് സമയവും കുടിവെള്ളം വിതരണം ആരംഭിക്കാം

- കളക്ട്രേറ്റ്, ആലപ്പുഴ