വർഗീയതയെയും മതരാഷ്ട്ര വാദത്തെയും ഒരുമിച്ച് എതിർക്കണം: മുഖ്യമന്ത്രി
കുണിയ (കാസർകോട്): അടിച്ചമർത്തപ്പെട്ടവന്റെ വർഗ്ഗവും ഭാഷയും വേഷവും വിശ്വാസവും നോക്കാതെ ഇരകൾക്ക് ഒപ്പമാണ് നിൽക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതക്കും മതരാഷ്ട്രീയ വാദങ്ങൾക്കുമെതിരെ മത മൈത്രിയും സൗഹാർദ്ദവും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകണം. കാസർകോട് കുണിയയിൽ സമസ്തയുടെ നൂറാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനും, മതനിരപേക്ഷതയെയും നാടിന്റെ സംസ്‌കാരത്തെയും വലിയൊരളവിൽ ശക്തിപ്പെടുത്താനും കഴിഞ്ഞതിൽ സമസ്തക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. മതനിരപേക്ഷ നിലപാട് കൊണ്ടേ വർഗീയതയെ ചെറുക്കാൻ കഴിയൂ എന്ന സമസ്തയുടെ നിലപാട് വർത്തമാനകാല സാമൂഹ്യ അന്തരീക്ഷത്തിൽ പ്രത്യാശ നൽകുന്നതാണ്.
ന്യൂനപക്ഷ ജനവിഭാഗവും മത പ്രത്യയശാസ്ത്രം പിന്തുടരുന്നവരും ഒരുമിച്ചു നിന്ന് പ്രതിരോധം തീർക്കണമെന്ന ബോധം സമൂഹത്തിൽ ഉണർത്താൻ സമസ്തയ്ക്ക് കഴിഞ്ഞു. ലോക നവോത്ഥാന പോരാട്ടങ്ങളിൽ യൂറോപ്പ്യൻ നവോത്ഥാനം വിജയിക്കാതെ വന്നപ്പോൾ ,മുസ്ലിം സമുദായത്തിലെ നവോത്ഥാനത്തിനായി വിദ്യാഭ്യാസ പുരോഗതിയിലേക്കും വൈജ്ഞാനിക വെളിച്ചത്തിലേക്കും സഞ്ചരിക്കുകയായിരുന്നു സമസ്ത. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് സമസ്ത ജനങ്ങളെ ഒരുമിച്ച് അണിനിരത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഫ്രി തങ്ങൾക്ക് അഭിനന്ദനം
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പ്രത്യേകം അഭിനന്ദിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ജിഫ്രി തങ്ങൾ പ്രകടിപ്പിച്ച വികാരത്തിനൊപ്പമാണ് താനും. അദ്ദേഹം സമുദായത്തെ നയിക്കുന്നതിൽ പ്രത്യാശ പങ്കു വയ്ക്കുകയാണ്. കാലം ഏൽപ്പിച്ച ദൗത്യമാണ് അദ്ദേഹം നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത ഈദ് ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക അവധി അനുവദിക്കണമെന്ന് കാസർകോട് കുണിയയിൽ സമാപിച്ച സമസ്ത നൂറാം വാർഷിക സമാപന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ പെരുന്നാൾ അവധി കേരളത്തിലും നടപ്പിലാക്കണം. മുശാവറ അംഗം ബാക്കോഡ് മൊയ്തീൻകുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്. നിലവിൽ നൽകുന്ന അവധി കുടുംബ ബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ ചടങ്ങുകൾക്കും തികയാതെ വരുന്നു. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ അവധി നൽകുന്ന കാര്യം ഇവിടെയും മാതൃകയാക്കണം. അവധിക്കാര്യം സമസ്ത നേതാക്കൾ ഇന്നലെ വേദിയിലെത്തിയ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.