മോദി - അൻവർ കൂടിക്കാഴ്ചയിൽ ധാരണ; സെമി കണ്ടക്‌ടർ മേഖലയിൽ സഹകരണം ഉറപ്പാക്കും
ന്യൂഡൽഹി: സെമികണ്ടക്‌ടർ മേഖലയിലെ സഹകരണത്തിനും സങ്കേതിക നവീകരണത്തിനും ഇന്ത്യ-മലേഷ്യ ധാരണ. മേഖലയിൽ സ്വയംപര്യാപ്‌ത കൈവരിക്കുന്നതിന് ഇന്ത്യയെ മലേഷ്യ പിന്തുണയ്ക്കും. സെമികണ്ടക്ടർ വ്യവസായത്തിലെ ആഗോള വ്യാപാരത്തിൽ 13 ശതമാനവും മലേഷ്യയിലാണ്. ഡിജിറ്റൽ-സാമ്പത്തിക മേഖലകളിലെ സഹകരണത്തിനായി മലേഷ്യ-ഇന്ത്യ ഡിജിറ്റൽ കൗൺസിൽ (എം.ഐ.ഡി.സി) രൂപീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ധാരണയായി.
സെമി കണ്ടക്‌ടർ മേഖലയിലെ സാങ്കേതിക നവീകരണത്തിനും തൊഴിൽ വൈദഗ്ദ്ധ്യവികസനത്തിനും ഐ.ഐ.ടി മദ്രാസ് ഗ്ലോബലും അഡ്വാൻസ്ഡ് സെമികണ്ടക്ടർ അക്കാഡമി ഒഫ് മലേഷ്യയും തമ്മിലും ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷനും (ഐ.ഇ.എസ്.എ) മലേഷ്യ സെമികണ്ടക്ടർ ഇൻഡസ്ട്രി അസോസിയേഷനും (എം.എസ്.ഐ.എ) തമ്മിലും സഹകരിക്കും.
ഇന്ത്യയിലേക്കുള്ള പാം ഓയിലിന്റെ കയറ്റുമതി തുടരുമെന്ന് അൻവർ ഇബ്രാഹിം വ്യക്തമാക്കി. എണ്ണപ്പന കൃഷിയിലും പാം ഓയിൽ അധിഷ്ഠിത ഉത്പന്നങ്ങളുടെ മൂല്യവർധിത നിർമ്മാണത്തിലും പങ്കാളികളാകും.
ഇന്ത്യൻ നിർമ്മിത ഡോർണിയർ വിമാനങ്ങളുടെ വിൽപ്പന, സുഖോയ്-30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി വിഷയങ്ങളും ചർച്ചയായി.
യു.പി.ഐ പണമിടപാട്
പ്രോത്സാഹിപ്പിക്കും
മലേഷ്യയിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും ഉല യു.പി.ഐ വഴി പണമിടപാട് സാദ്ധ്യമാക്കാനുള്ള കരാറിൽ നാഷണൽ പേമെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയും മലേഷ്യയിലെ പേ നെറ്റും ഒപ്പിട്ടു. മോദിയും അൻവർ ഇബ്രാഹിമും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണിത്. മലേഷ്യയിലെ കോട്ട കിനാബലുവിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കും. യു.പി.ഐ സൗകര്യം വ്യവസായത്തിന് പ്രോത്സാഹനമാകും. വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും പണമിടപാടുകൾ എളുപ്പമാകുമെന്നും പ്രധാനമന്ത്രിമാർ വിലയിരുത്തി.
വിസാ ഉദാരവത്‌കരണം
മറ്റ് തീരുമാനങ്ങളും ധാരണകളും
വിനോദസഞ്ചാരം വർദ്ധിപ്പിക്കാൻ വിസാ ഉദാരവത്‌കരണം. വ്യോമയാന കണക്‌ടിവിറ്റി വർദ്ധിപ്പിക്കും.
തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം കൂടുതൽ സുഗമമാക്കും
ഡിജിറ്റൽ-സാമ്പത്തിക മേഖലകളിലെ സഹകരണത്തിനായി മലേഷ്യ-ഇന്ത്യ ഡിജിറ്റൽ കൗൺസിൽ(എം.ഐ.ഡി.സി) രൂപീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും. നളന്ദ സർവകലാശാലയും മലേഷ്യയിലെ യൂണിവേഴ്‌സിറ്റി മലയയും തമ്മിൽ സഹകരണം.
ക്വാലാലംപൂരിലെ മലയ യൂണിവേഴ്സിറ്റിയിൽ ‘തിരുവള്ളുവർ ചെയർ’. മലേഷ്യൻ പൗരന്മാർക്ക് തിരുവള്ളുവർ സ്കോളർഷിപ്പ്.
മലേഷ്യയിൽ പരമ്പരാഗത ഇന്ത്യൻ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും.
മലേഷ്യയിലെ ഇൻഷ്വർ ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് ഇ.എസ്.ഐ വഴി സാമൂഹിക സുരക്ഷ.
അഴിമതി തടയൽ, ആരോഗ്യ മേഖല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം-പരിശീലനം, മൃഗസംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 11 കരാറുകളിൽ ഒപ്പിട്ടു.