1.25 കോടി ഹിന്ദുക്കൾ പോരാടാൻ തീരുമാനിച്ചാൽ ലോകം ഒപ്പം; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി മോഹൻ ഭാഗവത്
മുംബയ്: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭാഗവത്. ബംഗ്ലാദേശിൽ 1.25 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അവർ അവിടെ തന്നെ താമസിച്ച് പോരാടാനും അവകാശങ്ങൾക്കായി നിലകൊള്ളാനും തീരുമാനിച്ചാൽ ലോകമാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കുമെന്നും ഭാഗവത് പറഞ്ഞു.
മുംബയിലെ നെഹ്റു സെന്ററിൽ സംഘ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഘയാത്രയുടെ 100 വർഷം: പുതിയ ചക്രവാളങ്ങൾ' എന്ന രണ്ടു ദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മുമ്പ് ഇന്ത്യ ഭരിച്ചവരൊന്നും കാര്യമായ നടപടികൾ സ്വീകരിച്ചില്ല. ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയെ ഇനി ദുർബലപ്പെടുത്താനാകില്ല. തകർക്കാൻ ശ്രമിക്കുന്നവർ തകർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ വിരുദ്ധ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് കുറച്ച് മാസങ്ങളായി ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണം വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രതികരണം.
ആർ.എസ്.എസ് ജാതി വിവേചനം കാണിക്കുന്നില്ല. ഏത് ജാതിയിൽപ്പെട്ടവർക്കും ആർ.എസ്.എസ് തലവനാകാം. പട്ടികജാതിവർഗക്കാർക്ക് അയോഗ്യതയില്ല, ബ്രാഹ്മണർക്ക് പ്രത്യേക യോഗ്യതയുമില്ല. തുടക്കത്തിൽ ബ്രാഹ്മണരെ ഉൾക്കൊണ്ടാണ് സംഘം തുടങ്ങിയതെങ്കിലും ഞങ്ങൾ എല്ലാ ജാതികൾക്കുമായി പ്രവർത്തിക്കുന്നു.മുസ്ലിം പ്രദേശങ്ങളിലെ വെല്ലുവിളികൾ പ്രതികരിക്കാതെ കൈകാര്യം ചെയ്യുന്നതാണ് ഞങ്ങളുടെ രീതിയെന്നു അദ്ദേഹം പറഞ്ഞു.