പൂർവിക സ്വത്തിലെ തുല്ല്യാവകാശം: നോട്ടീസ് അയച്ച് സുപ്രീംകോടതി

Monday 09 February 2026 12:28 AM IST

ന്യൂഡൽഹി: കേരളത്തിലെ ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾക്കും പൂർവിക സ്വത്തിൽ തുല്യാവകാശമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു.

കോഴിക്കോട് നമ്പിടി പറമ്പത്ത് തറവാട്ടിലെ പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് പെൺമക്കളായ . രജനി, രമണി, രാജേശ്വരി, റതിബ എന്നിവർ നൽകിയ കേസിലാണ് കഴിഞ്ഞ ജൂലായിൽ ഹൈക്കോടതി വിധിയുണ്ടായത്. ഇവർക്ക് അനുകൂലമായ വിധി ചോദ്യം ചെയ്‌ത് നമ്പിടി പറമ്പത്ത് തറവാട്ടിലെ അമ്മ രാധ നമ്പിടി പറമ്പത്ത്, മകൻ പ്രബീഷ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു തടസമായി നിന്ന 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരള ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾക്കു പൂർവിക സ്വത്തിൽ അവകാശം നിഷേധിക്കുന്നതാണ് 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ വ്യവസ്ഥകളെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നാണ് 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം പറയുന്നത്. ഇത് കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ 3, 4 വകുപ്പുകൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തി.