ഓൺലൈൻ ഗെയിമുകൾ ............................................... ഘട്ടംഘട്ടമായി അടിമകളാക്കും,​ ശ്രദ്ധിക്കേണ്ടത് വീട്ടുകാർ

Monday 09 February 2026 12:47 AM IST

കൊറിയൻ ഓൺലൈൻ ഗെയിമിന് അടിമകളായി മാറിക്കഴിഞ്ഞിരുന്ന, ഗാസിയാബാദിലെ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ, വീട്ടുകാർ മൊബൈൽ പിടിച്ചുവാങ്ങിയതിൽ മനംനൊന്തഫ്ളാറ്റിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. കൗമാരക്കാരെയും കുട്ടികളെയും അടിമകളാക്കുന്ന വിധത്തിലാണ് ഓൺലൈൻ ഗെയിമുകളുടെ ഘടന. കളിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അതിൽ നിന്ന് പിൻവാങ്ങുക ദുഷ്കരമാണെന്ന് അർത്ഥം.

വിവിധ ഘട്ടങ്ങൾ (ലെവൽ) തിരിച്ചായിരിക്കും ഗെയിം മുന്നേറുന്നത്- ലെവൽ ഒന്ന്, ലെവൽ രണ്ട്, ലെവൽ മൂന്ന് എന്നിങ്ങനെ പോകും. ഓരോ ലെവൽ കടക്കുമ്പോഴും കളിക്കുന്നവർക്ക് അതിയായ സന്തോഷം അനുഭവപ്പെടും. ഇൻസ്‌റ്റന്റ് കോഫി കഴിക്കുന്നതുപോലെ പെട്ടെന്നൊരു ഉന്മേഷം ലഭിക്കും. തലച്ചോറിൽ ഡോപ്പമിൻ എന്ന രാസവസ്‌തു സൃഷ്‌ടിക്കപ്പെടുന്നതുകൊണ്ടാണ് ഇത്. ഊഷ്‌മളത, സന്തോഷം, ആത്മവിശ്വാസം എന്നിവ നൽകുന്ന രാസവസ്‌തുവാണ് ഡോപ്പമീൻ.

എല്ലാ കുട്ടികളും ഇത്തരത്തിലാണെന്ന് പറയാനാവില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരും, സാമൂഹികമായ ഉത്കണ്‌ഠയുള്ളവരുമൊക്കെ ഓൺലൈൻ പ്ളാറ്റ്‌ഫോമിൽ സംതൃപ്‌തരായിരിക്കും. ഓൺലൈനിൽ സ്വൈരമായി കളിക്കാൻ അവർക്കു കഴിയും. ഒരു ലെവൽ മറികടന്നു കഴിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അത് നൈമിഷികമാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ ഇവർ അടുത്ത ലെവലിലേക്ക് പോകുന്നു. ആ ലെവൽ കഴിഞ്ഞും ഇതുതന്നെ ആവർത്തിക്കും. അതും ജയിച്ചാൽ എന്തെന്നില്ലാത്ത സന്തോഷവും ആത്മവിശ്വാസവും കൈവരുന്നതായി അനുഭവപ്പെടും. അടുത്തതിനെ കീഴ്‌പ്പെടുത്താൻ വ്യഗ്രത തോന്നും. കുട്ടികളുടെ തലച്ചോറിൽ അത് ആഴത്തിൽ പതിയും. അത് മെല്ലെ മെല്ലെ ആ ഗെയിമിന് അടിമപ്പെടലായി മാറുകയും ചെയ്യും.

എത്ര സമയം

അനുവദിക്കാം?​

ഗെയിമിന് അടിമപ്പെടുന്നതിൽ നിന്ന് കുട്ടികളെയും കൗമാരക്കാരെയും മോചിപ്പിക്കാൻ മാതാപിതാക്കളാണ് മുഖ്യപങ്ക് വഹിക്കേണ്ടത്. അടിമപ്പെട്ടാൽ അതിന് ഉത്തരവാദികളും മാതാപിതാക്കളാണ്. രണ്ടു വയസ് വരെയുള്ളവർക്ക് മൊബൈൽ ഉൾപ്പെടെ ഒരു സ്‌ക്രീനും നൽകരുത്. മൂന്നു മുതൽ ആറു വയസ് വരെ ദിവസം 15 മുതൽ 30 മിനിറ്റ് വരെ പരമാവധി നൽകാം. ഏഴു മുതൽ 11 വയസ് വരെ പഠനാവശ്യങ്ങൾക്കായി ഒരു മണിക്കൂർ സമയത്തേക്ക് ഓൺലൈൻ അനുവദിക്കാം. 12 വയസിന് മുകളിലുള്ളവർക്ക് പരമാവധി രണ്ടു മണിക്കൂർ നൽകാവുന്നതാണ്. സ്‌കൂളിൽ നിന്ന് വന്നാൽ രണ്ടു മണിക്കൂർ നൽകാമെന്നല്ല ഇതിന് അർത്ഥം. പഠനം പോലുള്ള കാര്യങ്ങൾക്ക് മാറ്റിവയ്ക്കുന്ന സമയവുമായി താരതമ്യപ്പെടുത്തി വേണം ഓൺലൈൻ കാര്യങ്ങൾക്ക് അനുവദിക്കാവുന്ന സമയം നിശ്ചയിക്കേണ്ടത്.

ഭക്ഷണം കഴിക്കുമ്പോൾ മൊബൈലോ ടി.വിയോ കാണാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു വേണം ഭക്ഷണം കഴിക്കാൻ. സ്ക്രീനിൽ നോക്കിയിരുന്ന് ഭക്ഷണം ശ്രദ്ധിക്കാതെ കഴിക്കുന്നത് ഒഴിവാക്കണം. മാതാപിതാക്കൾ ജോലിക്കു പോകുന്നവരായിരിക്കാം. തിരിച്ചുവരുന്നത് വൈകിയായിരിക്കുകയും ചെയ്യാം. സുരക്ഷിതത്വം ഓർത്ത് കുട്ടികൾക്ക് ഫോൺ നൽകുന്നവരുണ്ട്. അത്തരം ആവശ്യങ്ങൾക്ക് ലാൻഡ് ഫോണോ സാധാരണ കീപാഡ് മൊബൈലോ നൽകാം. സ്‌മാർട്ട് ഫോൺ കൊടുക്കരുത്.

ദുരുപയോഗ

സാദ്ധ്യത

സ്‌മാർട്ട് ഫോൺ കൈയിൽ കിട്ടിയാൽ അവർ മാതാപിതാക്കൾ വരുന്നതുവരെ അതിൽ ഗെയിമുകൾ കളിച്ചെന്നിരിക്കും. കുട്ടികളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടണം. ക്രിക്കറ്റ്, ഫുട്ബാൾ, നീന്തൽ പോലുള്ള കായിക ഇനങ്ങൾക്ക് വിടാം. നൃത്തം, പാട്ട് പോലുള്ള കലകളിലേയ്‌ക്ക് ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യാം. ചെസ് പോലുള്ള ഇൻഡോർ ഗെയിമുകൾക്ക് വിടാം. മാതാപിതാക്കളുടെ പണമിടപാടുകളുടെ വിവരങ്ങളോ, പാസ്‌വേർഡോ കുട്ടികൾക്ക് നൽകരുത്. കുട്ടികൾ നല്ലവർ തന്നെയാണെങ്കിലും ചില സാഹചര്യങ്ങളിൽ അവ‌ർ ഇതൊക്കെ ദുരുപയോഗം ചെയ്തേക്കാം. അത്തരം ദുരുപയോഗം വഴി മാതാപിതാക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ നഷ്ടമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്.

വിലപേശുക കുട്ടികളുടെ രീതിയാണ്. ട്യൂഷന് പോകാനും പഠിക്കാനും ഫോൺ വേണമെന്ന് കുട്ടികൾ പറയുകയും നിർബന്ധംപിടിക്കുകയും ചെയ്യും. ഇതിൽ മാതാപിതാക്കൾ വീണുപോകാറുണ്ട്. ഒരിക്കൽ

സമ്മതിച്ചുകൊടുത്താൽ കുട്ടികൾ പിടിവാശി ആവർത്തിക്കും. നിരന്തരം ശല്യപ്പെടുത്തും. മേൽക്കൈ മാതാപിതാക്കൾക്കായിരിക്കണം. പഠിച്ചാൽ നിശ്ചിതസമയത്തേക്ക് മൊബൈൽ നല്കാമെന്നോ

ടിവി കാണാൻ അനുവദിക്കാമെന്നോ പറയണം. ഇക്കാര്യത്തിൽ അച്‌ഛനും അമ്മയ്‌ക്കും ഒരേ നിലപാടായിരിക്കണം. അച്‌ഛൻ കൊടുക്കരുതെന്നു പറഞ്ഞാൽ അമ്മയും ഒപ്പം നിൽക്കണം. അച്‌ഛനറിയാതെ അമ്മ അതിന് അനുവദിക്കരുത്.

പഠനത്തിൽ പിന്നാക്കാവസ്ഥ, ഭക്ഷണം കഴിക്കാതെ സ്‌ക്രീനിൽ വ്യാപൃതരാകുക, കൃത്യമായി ഉറങ്ങാതിരിക്കുക, ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുക, സ്ക്രീൻ മാറ്റാൻ പറഞ്ഞാൽ പെട്ടെന്ന് ദേഷ്യപ്പെടുക എന്നിവയാണ് ഗെയിമിന് അടിമപ്പെടുന്നതിന്റെ ലക്ഷണങ്ങൾ. ഇത്തരക്കാരെ മന:ശാസ്ത്ര വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ വേണം കൈകാര്യം ചെയ്യാൻ. പെട്ടെന്ന് മാറ്റാൻ ശ്രമിച്ചാൽ ആത്മഹത്യ പോലുള്ള കാര്യങ്ങൾക്ക് ശ്രമിച്ചേക്കാമെന്നതിനാൽ അതീവ ജാഗ്രതയോടെയും ക്ഷമയോടെയും വേണം ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടത്.

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്‌റ്റ് ആണ് ലേഖിക)​