ജപ്പാനിൽ തകൈചി തരംഗം തിരഞ്ഞെടുപ്പിൽ വൻ ജയം പ്രധാനമന്ത്രിയായി തുടരും
ടോക്കിയോ: ജപ്പാനിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനേ തകൈചിയുടെ (64) എൽ.ഡി.പിക്ക് (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) മിന്നും ജയം. പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ 465 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 82 ശതമാനം വോട്ടെണ്ണിയപ്പോൾ 284 സീറ്റുമായി എൽ.ഡി.പി കേവലഭൂരിപക്ഷം മറികടന്നു. 233 സീറ്റാണ് ഭൂരിപക്ഷം. നിലവിൽ പാർട്ടിക്ക് 191 സീറ്റുകൾ മാത്രമാണുള്ളത്. സഖ്യ കക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടി 24 സീറ്റും നേടി. ഇതോടെ തീവ്ര-വലതുപക്ഷ നേതാവായ തകൈചി പ്രധാനമന്ത്രിയായി തുടരും. ഫലം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
എൽ.ഡി.പി ഏഴ് ദശാബ്ദമായി ജപ്പാൻ ഭരിക്കുന്നു. അഴിമതി വിവാദം വേട്ടയാടിയ പിന്നാലെ 2024ലെ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും കഴിഞ്ഞ ജൂലായിൽ കൗൺസിലേഴ്സ് സഭയിലും (പാർലമെന്റിന്റെ ഉപരിസഭ) എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.ഇതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. പ്രധാനമന്ത്രിയായിരുന്ന ഷിഗേരു ഇഷിബ രാജിവച്ചു. തുടർന്ന് ഒക്ടോബർ 21നാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തകൈചി ചുമതലയേറ്റത്. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തകൈചി തിരഞ്ഞെടുക്കപ്പെട്ടത്.
# തന്ത്രം ഫലിച്ചു
1. മറ്റ് പാർട്ടികളുടെ പിന്തുണയോടെ ഭരണം നിലനിറുത്തുന്നത് ശാശ്വതമല്ലെന്നും ഏതുനിമിഷവും സഖ്യത്തിൽ വിള്ളലുണ്ടാകാമെന്നും തകൈചി മനസിലാക്കി
2. തകൈചി കഴിഞ്ഞ മാസം അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനപ്രതിനിധി സഭ പിരിച്ചുവിട്ടു (2028ലാണ് ശരിക്കും തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്)
3. പാർട്ടിയ്ക്ക് ഭൂരിപക്ഷം നേടിയെടുത്ത് അധികാരം ബലപ്പെടുത്താമെന്ന് തകൈചിയുടെ കണക്കുകൂട്ടി. പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനും ബുദ്ധിമുട്ടുണ്ടാകില്ല
4. പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതിപക്ഷ പാർട്ടികളെ സമ്മർദ്ദത്തിലാക്കി. തകൈചിയുണ്ടായിരുന്ന ജനപ്രീതിയെ മറികടക്കാൻ തക്കവണ്ണം പ്രചാരണം കാഴ്ചവയ്ക്കാൻ ഇവർക്കായില്ല
5. ശക്തയായ നേതാവെന്ന പരിവേഷം തകൈചിയ്ക്ക് ഗുണമായി. പിന്തുണ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അവരെ വിശേഷിപ്പിച്ചത് 'ഉരുക്കുവനിത" എന്നാണ്