ഭീകരതയോട് വിട്ടുവീഴ്‌ചയില്ല: മോദി
ക്വാലാലംപ്പൂർ: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും ഭീകരതയോട് ഇരട്ടത്താപ്പും വിട്ടുവീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ക്വാലാലംപ്പൂരിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം സംയുക്ത പ്രസ്താവന നടത്തവേയാണ് ഇക്കാര്യം പറഞ്ഞത്.
അൻവർ ഇബ്രാഹിമുമായി വ്യാപാരം, സമുദ്ര സുരക്ഷ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ മോദി നിർണായക ചർച്ചകളും നടത്തി. സെമികണ്ടക്ടർ മുതൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ വരെയുള്ള മേഖലകളിലെ 16 ധാരണാപത്രങ്ങളും കൈമാറി.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയും മലേഷ്യയും തുടരുന്ന സഹകരണം ശക്തമായി തുടരാനും ധാരണയായി. അൻവറിന്റെ ഔദ്യോഗിക വസതിയിലെ വിരുന്നിലും മോദി പങ്കെടുത്തു. മലേഷ്യയിലെ ഇന്ത്യൻ വംശജരായ മന്ത്രിമാരെയും എം.പിമാരെയും കണ്ട പ്രധാനമന്ത്രി, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ അവർ വഹിച്ച പങ്കിനെ അഭിനന്ദിച്ചു.
# നിക്ഷേപത്തിന് ക്ഷണം
ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജ്ജ മേഖലകളിൽ നിക്ഷേപം നടത്താൻ മലേഷ്യൻ കമ്പനികളെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. പത്താം ഇന്ത്യ - മലേഷ്യ സി.ഇ.ഒ ഫോറത്തിൽ അദ്ദേഹം പങ്കെടുത്തു. രാജ്യത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു. ഇന്ത്യയിൽ നിക്ഷേപവും സാന്നിദ്ധ്യവും വിപുലീകരിക്കാൻ വിവിധ കമ്പനികൾ താത്പര്യം അറിയിച്ചു.