മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റുമരിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

Monday 09 February 2026 9:49 AM IST

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഇതരസംസ്ഥാനക്കാരൻ കുത്തേറ്റുമരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബ‌‌ഹ്റയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

രാകേഷിന്റെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോർട്ടുകൾ. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.