ചീറിപ്പാഞ്ഞെത്തിയ ലംബോർഗിനി ഉണ്ടാക്കിയത് അപകടപരമ്പര; പുകയില വ്യവസായിയുടെ മകൻ അറസ്റ്റിൽ
കാൺപൂർ: അമിതവേഗതയിലെത്തിയ ലംബോർഗിനി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു. ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്നലെയായിരുന്നു സംഭവം. പുകയില വ്യവസായി കെ.കെ. മിശ്രയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മിശ്രയുടെ മകൻ ശിവം കുമാർ മിശ്രയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹി രജിസ്‌ട്രേഷനിലുള്ള ലംബോർഗിനി അമിതവേഗതയിൽ വന്ന് ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വേഗത വർദ്ധിപ്പിച്ചു മുന്നോട്ട് പാഞ്ഞ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറി. അപകടത്തിനിടയിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരനും പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യമിടിച്ച ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷം രക്ഷപ്പെടാനായി കാറിന്റെ വേഗത വർദ്ധിപ്പിച്ചതാണ് വീണ്ടും അപകടത്തിനിടയാക്കിയത്. മറ്റൊരു കാറിലെത്തിയ മിശ്രയുടെ ബോഡിഗാർഡുകൾ പരിക്കേറ്റ ശിവം മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി. ശിവം മിശ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചു വരികയാണ്.