ഹൗസ്ബോട്ടിൽ കാഴ്‌ചകൾ കാണാമെന്ന് വിശ്വസിപ്പിച്ചു; കൊച്ചി ബിനാലെയ്‌ക്കിടെ വിദേശവനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം
Monday 09 February 2026 11:35 AM IST
കൊച്ചി: ബിനാലെയ്‌ക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി വിദേശവനിതയുടെ പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെയ്‌ക്കെതിരെയാണ് വിദേശവനിത പരാതി നൽകിയത്. ജനുവരിയിൽ നടന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു.
ബിനാലെയിൽ പങ്കെടുക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനുമായാണ് പരാതിക്കാരി കൊച്ചിയിലെത്തിയത്. പ്രധാനവേദിക്കരികിൽ വച്ചാണ് പരാതിക്കാരിയെ സുമിത് പരിചയപ്പെട്ടത്. മദ്യപിക്കാനുള്ള ക്ഷണം ആദ്യം തന്നെ യുവതി നിരസിച്ചിരുന്നു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്‌ചകൾ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി ഇമെയിൽ വഴി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.