മണിപ്പൂരിൽ വീണ്ടും കലാപം; 25 വീടുകൾക്ക് തീയിട്ടു,​ മേഖലയിൽ കർഫ്യൂ

Monday 09 February 2026 3:36 PM IST

ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിലെ തംഗ്ഖുലിയിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 വീടുകളും നാല് സർക്കാർ ക്വാർട്ടേഴ്സുകളും കത്തിച്ചു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ലിതാൻ, മങ്കോട്ട് ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു.

ഞായറാഴ്ച രാത്രി 11:30ഓടെ ലിതാൻ ബസാറിൽ വലിയൊരു സംഘം അക്രമികൾ വീടുകൾക്ക് തീയിടാൻ തുടങ്ങുകായായിരുന്നു. ഇതിനോടൊപ്പം ഓട്ടോമാറ്റിക് റൈഫിളുകളിൽ നിന്നുള്ള വെടിയൊച്ചകൾ കൂടി കേട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. 25 വീടുകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതിൽ കുക്കി വിഭാഗക്കാരുടെ രണ്ട് വീടുകളും ഉൾപ്പെടുന്നു.

വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ടവർ കൂട്ടത്തോടെ നാട് വിടുകയാണ്. ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലും കാൽനടയായുമാണ് ആളുകൾ സുരക്ഷിത സ്ഥലങ്ങൾ തേടി പോകുന്നത്. വീട്ടുപകരണങ്ങളും മെത്തയും വിലപിടിപ്പുള്ള വസ്തുക്കളടക്കം കൈയിൽ കിട്ടുന്നതെല്ലാം എടുത്താണ് പലരും ഗ്രാമം വിടുന്നത്. ഫെബ്രുവരി ഏഴിന് സരൈഖോംഗിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്‌‌ഗുൽ നാഗ യുവാവിന് മർദ്ദനമേൽക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ബി.എസ്.എഫ്, സി.ആർ.പി.എഫ്, അസം റൈഫിൾസ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തിലെ സൈകുൾ എംഎൽഎ കിംനിയോ ഹാവോകിപ്പും, തംഗ്‌‌ഖുൽ നാഗ വിഭാഗത്തിൽ നിന്നുള്ള ഉഖ്‌റുൽ എംഎൽഎ റാം മുയിവയും പ്രദേശം സന്ദർശിച്ചു. ഇംഫാലിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ വാണിജ്യ പട്ടണമാണ് ലിതാൻ. തംഗ്ഖുൽ നാഗ, കുക്കി സമുദായങ്ങളാണ് ഇവിടെ താമസിക്കുന്നത്. അയൽഗ്രാമങ്ങളുടെയും പ്രാദേശിക വ്യാപാര കേന്ദ്രമായിട്ടാണ് ലിതാൻ പ്രവർത്തിക്കുന്നത്.