ചൂടിൽ 'കൂമ്പൊടിഞ്ഞ് ' വാഴ കർഷകരുടെ പ്രതീക്ഷകൾ

Tuesday 10 February 2026 12:40 AM IST

കോട്ടയം : കനത്ത ചൂടിൽ കുലച്ച വാഴകൾ ഒടിയുന്നതും,​ കൂമ്പുകൾ പുറത്തേക്ക് തള്ളുന്നതും കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. ടിഷ്യു ഇനത്തിൽപ്പെട്ട നൂറ് കിലോയിലേറെ തൂക്കം വരുന്ന ക്വിന്റൽ വാഴകളെയാണ് ചൂട് കൂടുതലായി ബാധിച്ചത്. പ്രത്യക തരം പുഴുവിന്റെ ആക്രമണത്തിൽ ഇലകൾ മഞ്ഞച്ച് വാഴകൾ മുരടിച്ച് ഒടിഞ്ഞു വീഴുന്നതിന് പുറമേയാണ് കൂമ്പ് പുറം തള്ളുന്ന സ്ഥിതി. മഴയില്ലാതായതോടെ രണ്ടുനേരം നന്നായി നനയ്ക്കണം. പക്ഷേ,​ ജലദൗർലഭ്യം വില്ലനാകുകയാണ്. ജലസ്രോതസുകളടക്കം വറ്റിവരണ്ട് തുടങ്ങി. വാഴക്കുല കിലോയ്ക്ക് 30- 40 രൂപയിലേക്ക് കൂപ്പുകുത്തി.

തമിഴ്നാട്ടിൽ നിന്നുള്ള രോഗം ബാധിച്ച വാഴകളുടെ വിത്തുകൾ കേരളത്തിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. വളമിട്ട് കുലപ്പാകം ആകുംമുൻപ് നശിക്കുന്നത് പതിവായിട്ടും കൃഷി വകുപ്പ് അനങ്ങുന്നില്ല.

നഷ്ടപരിഹാരമില്ല, ഇൻഷ്വറൻസ് പരിരക്ഷയും

ചൂടേറ്റ് ഒടിഞ്ഞു വീഴുന്ന വാഴകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഇൻഷ്വറൻസ് പരിരക്ഷയുമില്ല. കൊടുങ്കാറ്റിലോ പ്രളയത്തിലോ നശിച്ചാലേ നഷ്ടപരിഹാരം ലഭിക്കൂ. വാഴകളിൽ രോഗം വ്യാപകമായിട്ടും തമിഴ്നാട്ടിൽ നിന്നെത്തുന്ന രോഗ ബാധിതമായ വാഴ വിത്തുകളുടെ വില്പന തടയാനാകുന്നില്ല. രോഗ പ്രതിരോധത്തിനും ഒന്നും ചെയ്യുന്നില്ല. പ്രതിരോധ ശേഷി കൂടിയ വാഴ വിത്തുകൾ വിതരണം ചെയ്യാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.

വാഴക്കുല കിലോയ്ക്ക് : 30- 40 രൂപ

''വാഴകൃഷി വ്യാപകമായ പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് ഉണ്ടായ നഷ്ടം നികത്താൻ വരൾച്ച ബാധിത പഞ്ചായത്തുകളായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണം.

-എബിഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി )