പ്രിയതമന്റെ വിയോഗം,വർഷങ്ങൾക്ക് ശേഷം മക്കളുടെ മരണം........ സങ്കടത്തീരത്ത് ഇനി ശ്രീജ തനിച്ച്

Tuesday 10 February 2026 12:58 AM IST

കോട്ടയം : അമ്മയെ തനിച്ചാക്കി അച്ഛന്റെയടുക്കലേക്ക് മക്കളും യാത്രയായി. ഒരു മാസത്തിന് ശേഷം വിവാഹ പന്തൽ ഒരുങ്ങേണ്ട വീട്ടുമുറ്റത്ത് ഉയർന്നത് കണ്ണീർപ്പന്തൽ. ജീവന് തുല്യം സ്‌നേഹിച്ച പൊന്നോമനകളുടെ ചേതനയറ്റ ശരീരങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയ ആ അമ്മയുടെ കണ്ണീർ നാടിന് നൊമ്പരക്കാഴ്ചയായി. കഴിഞ്ഞ ദിവസം കടപ്പാട്ടൂർ ബൈപ്പാസിൽ ഉണ്ടായ അപകടത്തിലാണ് ചേനപ്പാടി നാഗമറ്റം വീട്ടിൽ ശ്രീനാഥ് സഹോദരി ശ്രീലക്ഷ്മി എന്നിവർ മരിച്ചത്. പിതാവ് സന്തോഷ് ബ്രെയിൻ ട്യൂമർ ബാധിച്ച് നാലുവർഷം മുൻപാണ് മരിച്ചത്. അച്ഛന്റെ വിയോഗത്തിലും തളരാതെ പപ്പടം വിറ്റാണ് മക്കളെ അമ്മ ശ്രീജ വളർത്തിയത്. അവരുടെ ഉയർച്ചയായിരുന്നു ശ്രീജയുടെ സ്വപ്നം. രണ്ട് മക്കൾക്കും ജോലി ലഭിച്ച് ജീവിതംപച്ചപിടിച്ച് വരികയായിരുന്നു. എന്നാൽ വിധികാത്തുവച്ചത് മറ്റൊന്നായിരുന്നു. ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ശനിയാഴ്ച എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് പാലായിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുവരാൻ എത്തിയതായിരുന്നു ശ്രീനാഥ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വൈക്കം ഭാഗത്തുനിന്ന് വന്ന ഇന്നോവ ഇടിച്ചു കയറുകയായിരുന്നു. തത്ക്ഷണം ശ്രീനാഥ് മരിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ ജീവനെങ്കിലും തിരികെ കിട്ടണേമേയെന്ന പ്രാർത്ഥനയിലായിരുന്നു ഉറ്റവരും, നാട്ടുകാരും. ആ പ്രതീക്ഷ അവസാനിപ്പിച്ച് ശ്രീലക്ഷ്മിയും ഞായറാഴ്ച രാത്രി വിടവാങ്ങി. ഒരുപിടി സ്വപ്നങ്ങൾ ചിതയിലൊതുക്കി അവർ യാത്രയാകുമ്പോൾ ശ്രീജയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ചേനപ്പാടി നിവാസികൾ. ഇരുവരുടെയും മൃതദേഹം ഇന്നലെ വൈകിട്ട് ചേനപ്പാടിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.