സമ്മാനം നല്‍കി ഞെട്ടിച്ച് വീട്ടിലെ ജോലിക്കാരി, എന്താണ് കിട്ടിയതെന്ന് വെളിപ്പെടുത്തി ദമ്പതിമാര്‍

Monday 09 February 2026 7:59 PM IST

സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വീഡിയോകളും വൈറലായി മാറാറുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുകയും സന്തോഷം നല്‍കുകയും ചെയ്യും. വളരെ നിസാരമായ പ്രവര്‍ത്തി എന്ന് തോന്നുന്ന പലതിനും വലിയ അര്‍ത്ഥങ്ങള്‍ തന്നെയുണ്ട് എന്നതാണ് വാസ്തവം. അത്തരത്തിലൊരു വീഡിയോയാണ് നേഹ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സ്വന്തം വീട്ടില്‍ ജോലിക്ക് വരുന്ന ഒരു സ്ത്രീ നല്‍കിയ സമ്മാനത്തെക്കുറിച്ചാണ് നേഹ വീഡിയോയില്‍ പറയുന്നത്.

തന്റെ വിവാഹ വാര്‍ഷികത്തിന് റോസാപ്പൂവും ചോക്ലേറ്റും സമ്മാനിച്ച 'ദീദി'യുടെ സ്‌നേഹത്തെക്കുറിച്ചാണ് നേഹ ഹര്‍ചന്ദാനി എന്ന ബംഗളൂരു സ്വദേശിനി വീഡിയോയില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിവാഹവാര്‍ഷിക ദിനത്തെക്കുറിച്ച് നേഹ ജോലിക്കാരിയോട് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ ദിവസം അവര്‍ മനസ്സില്‍ കുറിച്ചിടുകയും ചെയ്തുവെന്ന് മാത്രമല്ല ദമ്പതിമാര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ചോക്ലേറ്റും റോസാപ്പൂക്കളുമാണ് സമ്മാനമായി നല്‍കിയത്.

തന്റെ ഭര്‍ത്താവിനോട് പറഞ്ഞ ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴിയാണ് സമ്മാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷം സമ്മാനങ്ങള്‍ നേഹയ്ക്കും ഭര്‍ത്താവിനും നേരെ നീട്ടിയപ്പോള്‍ എന്തിനാണ് ഇതൊക്കെ എന്നായിരുന്നു ചോദ്യം. ഇരുവരും അവരുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു. 'എന്നും നിങ്ങളുടെ അനുഗ്രഹം മാത്രം മതി' എന്ന് നേഹയും ഭര്‍ത്താവും വീട്ടുജോലിക്കാരിയോട് പറയുന്നതും വീഡിയോയില്‍ കാണാം.