വേനലെത്തും മുൻപേ കുടിവെള്ളത്തിനായി നെട്ടോട്ടം

Tuesday 10 February 2026 1:04 AM IST

നെയ്യാറ്റിൻകര: ശുദ്ധജല വിതരണ പദ്ധതികളൊക്കെ പാളിയ അവസ്ഥയിലാണ്. കടുത്ത വേനലെത്തും മുൻപേ താലൂക്കിലെ ഉയ‌ർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം ഭാഗികമായി നിലച്ചു. ഉത്സവസീസൺ എത്തിയതോടെ മിക്ക ക്ഷേത്രങ്ങളിലും അന്നദാനവും മറ്റും തുടങ്ങിയതും ജല ഉപയോഗം വ‌ർദ്ധിക്കാൻ കാരണമായി. താലൂക്കിലെ അരുവിപ്പുറം ക്ഷേത്രം, കമുകിൻകോട് ഇടവക പള്ളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ശുദ്ധജല വിതരണം ഭാഗികമായി നിറുത്തിവച്ചത് ഏറെ പരാതികൾക്ക് ഇടയാക്കി. ജലലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ മാസം 15-ാം തീയതി മുതൽ വാട്ട‌‌ർ അതോറിട്ടി ജലവിതരണം നിയന്ത്രിച്ചു. ഓരോ പ്രദേശത്തേയും ശുദ്ധജല വിതരണത്തിനായുള്ള വാൽവുകൾ അഞ്ച് ദിവസത്തിലൊരിക്കൽ മാത്രമേ ഇപ്പോൾ തുറക്കുന്നുള്ളൂ. ഇതുകാരണം കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.

കാളിപ്പാറ പദ്ധതി

താലൂക്കിലെ കുടിവെള്ള വിതരണത്തിനായി 20വർഷം മുൻപ് തുടങ്ങിയ കാളിപ്പാറ പദ്ധതി,പല കാരണങ്ങളാൽ പലപ്പോഴും പാതിവഴിയിൽ മുടങ്ങി. ഒൻപത് പഞ്ചായത്തുകൾക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് പദ്ധതിയിൽ ഇതുവരെ കോടിക്കണക്കിന് രൂപയാണ് ചെലവിട്ടത്. എന്നാൽ നെയ്യാറ്റിൻകര ടൗൺ ഉൾപ്പെടെയുള്ള പ്രദേശത്ത് സുഗമമായി ജലമെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല

നെയ്യാറിന്റെ തീരത്തെ ഒൻപത് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് 2002ലാണ് കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത്. 21 കോടിയായിരുന്നു എസ്റ്റിമേറ്റ്. പിന്നീട് പല പ്രാവശ്യം റീ എസ്റ്റിമേറ്റിൽ കരാ‌ർ നൽകി. എന്നാൽ 14 വർഷത്തിന് ശേഷം 2016ലാണ് പദ്ധതി ഭാഗികമായി കമ്മീഷൻ ചെയ്തത്. എന്നിട്ടും ഒൻപത് പഞ്ചായത്തിൽ കള്ളിക്കാട് മാത്രമാണ് ഈ പദ്ധതി വഴി പൂർണ്ണമായും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞത്. നെയ്യാറ്റിൻകര റെയിൽവേ ക്രോസിംഗിന് അനുതി ലഭിക്കാത്തതിനാൽ സമീപ പഞ്ചായത്തുകളിൽ ജലമെത്തിക്കാൻ പാറശാലയിലെ പൊൻവിളയിലെ ജലസംഭരണിയിൽ വെള്ളമെത്തിച്ച് ജലവിതരണം തുടങ്ങിയെങ്കിലും എല്ലാ സ്ഥലത്തും ജലമെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് അമ്പൂരി വഴി നെയ്യാറ്റിൻകരയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ജലവിതരണം തുടങ്ങിയത്.

നെയ്യാറ്റിൻകര റെയിൽവേ പരിസ്ഥിതി വകുപ്പിന്റെ അനുമതി വാങ്ങും മുൻപേ ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെ റോഡ് വെട്ടിപ്പൊളിച്ച് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചത് ഇപ്പോഴും റോഡിനടിയിലുണ്ട്.

ജലവിതരണം കുറ്റമറ്റതാക്കാൻ കൂടുതൽ തുക വിനിയോഗിച്ച് പുതിയ ശുദ്ധജല പദ്ധതികൾക്ക് തുടക്കമിട്ടതായി കെ.ആൻസലൻ എം.എൽ.എ പറഞ്ഞു. അതിയന്നൂരിൽ അത്തരത്തിലൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.