വയോധികരുടെ പ്രശ്നം പഠിക്കാൻ സർവേ
ആലപ്പുഴ: വയോധികർ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ടോക്കിംഗ് പാർലറിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നു. ആലപ്പുഴ നഗരസഭയിലെ പഴവീട് വാർഡിൽ തുടക്കമായി. ഒറ്റപ്പെട്ടു കഴിയുന്നവർ, ജീവിതശൈലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, രോഗങ്ങളുടെ പിടിയിൽപ്പെട്ട് യാതന അനുഭവിക്കുന്നവർ തുടങ്ങിയവരുടെ വിശദാംശങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.
കിടപ്പുരോഗികളെയും ക്യാൻസർ, ഡയാലിസിസ് രോഗികളെയും പോഷകാഹാരം കുറവുള്ളവരെയും തിരിച്ചറിഞ്ഞ് വാർഡുതലത്തിൽ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതത് വാർഡ് ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് സർവേ. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, പെൻഷൻ, ക്ഷേമനിധി, ആരോഗ്യസ്ഥിതി, പ്രധാന രോഗങ്ങൾ, ശാരീരികാവസ്ഥ, മുമ്പ് നടത്തിയ ശസ്ത്രക്രിയയുടെ വിവരങ്ങൾ, ഭക്ഷണരീതി, ഉറക്കം, വിനോദങ്ങൾ, അയൽപക്ക ബന്ധം, സൗഹൃദങ്ങൾ, മാനസികാവസ്ഥ, സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.
വിവരങ്ങൾ അതത് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്ക് കൈമാറും. ആവശ്യമായവർക്ക് ചികിത്സ, പാർപ്പിടം, കൂട്ട് എന്നിവയൊരുക്കാൻ ഇടപെടൽ നടത്തും. വൃദ്ധരുടെ വിരസതയ്ക്ക് പരിഹാരമായി ഒരുമിച്ചിരുന്നു സംസാരിക്കാനായി ആലപ്പുഴ കേന്ദ്രീകരിച്ച് ആവിഷ്കരിച്ച കൂട്ടായ്മയാണ് ടോക്കിംഗ് പാർലർ. വൃദ്ധർ നേരിടുന്ന പ്രശ്നങ്ങളുടെ വ്യാപ്തി അധികാരികളുടെ മുമ്പിലെത്തിക്കുകയാണ് സർവേയുടെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന കോ ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു.