അയൽവാസികളുമായി നടന്ന തർക്കം അക്രമത്തിൽ കലാശിച്ചു

Tuesday 10 February 2026 1:41 AM IST

കാട്ടാക്കട: രാത്രി ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കള്ളിക്കാട് പെരുംകുളങ്ങരയിൽ അഭിഭാഷകനായ ശ്രീജിത്തിന്റെ വീട്ടിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ മെർലിൻ ജോസഫ് നെയ്യാർ ഡാം പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ ഹരീഷ് (35),ജയരാജ് (33),ഉണ്ണികൃഷ്ണൻ (29) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 11.45ഓടെ ശ്രീജിത്ത് വീട്ടിൽ ഉറക്കെ പാട്ടുവച്ചു. ഇത് ചോദ്യം ചെയ്യാനായി പ്രതികൾ ശ്രീജിത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.

തുടർന്ന് ശ്രീജിത്തും പ്രതികളും തമ്മിൽ തർക്കമുണ്ടാവുകയും,പ്രതികൾ ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി നൽകിയാണ് ശ്രീജിത്തിന്റെ ഭാര്യ പരാതി നൽകിയിരിക്കുന്നത്.

അയൽവാസികൾക്ക് ശല്യമായി രാത്രി 11നുശേഷം പതിവായി ശ്രീജിത്ത് വീട്ടിൽ ഉറക്കെ പാട്ടുവയ്ക്കാറുണ്ടെന്ന് കാട്ടി നാട്ടുകാർ മുൻപ് നെയ്യാർഡാം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.