12ന് ദേശീയ പണിമുടക്ക് ; 11ന് വിളംബരജാഥ

Monday 09 February 2026 8:51 PM IST

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ 12ന് നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിന് മുന്നോടിയായി 11ന് വൈകിട്ട് നാലിന് പഞ്ചായത്ത് മേലഖാതലത്തിൽ വിളംബരജാഥകളും പന്തംകൊളുത്തിപ്രകടനവും നടത്തുമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 12ന് ജില്ലാ കേന്ദ്രങ്ങളിലടക്കം തൊഴിലാളികളുടെ നേതൃത്വത്വത്തിൽ പ്രതിഷേധമുയരും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, സേവ, കെ.ടി.യു.സി (എം) അടക്കമുള്ള യൂണിയനുകളും സർവീസ് മേഖലയിലെ ജീവനക്കാരും അദ്ധ്യാപകരും ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യബസുകളും ടാക്‌സി,ഓട്ടോ തുടങ്ങിയ സർവിസുകൾ നടത്തുന്ന തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തൊഴിലാളിവിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ദേഭഗതി നിർദ്ദേശം പിൻവലിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി.പി.മധു, സലീം ബാവ എന്നിവർ പങ്കെടുത്തു.