അനധികൃത 'സ്പാ'കൾക്ക് പൂട്ടിടാൻ പൊലീസ്

Tuesday 10 February 2026 1:54 AM IST

ആലപ്പുഴ :തിരുവല്ലയിലെ സ്പായിൽ യുവതി അപമാനിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലും സ്പാകളുടെ കണക്കെടുപ്പ് ആരംഭിച്ചു. ജില്ലയിൽ ആലപ്പുഴ നഗരത്തിലും കായലോരങ്ങളിലുമാണ് സ്പാ കേന്ദ്രങ്ങളുടെ പ്രവർത്തനം. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പുന്നമട ഫിനിഷിംഗ് പോയിന്റ് മുതൽ സ്റ്റാർട്ടിംഗ് പോയിന്റ് വരെ മാത്രം പത്തോളം മസാജിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഹൗസ് ബോട്ടുകൾ നങ്കൂരമിടുന്ന കായലോരങ്ങളിലാണ് ബാക്കിയുള്ളവയിൽ ഏറെയും പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ബീച്ച് കേന്ദ്രീകരിച്ചും മസാജിംഗ് പാർലറുകളുണ്ട്. ഇവയിൽ എത്രയെണ്ണം ആധികാരികമെന്നത് സംബന്ധിച്ച് വിശദമായ പരിശോധന അടുത്തദിവസം തന്നെ പൊലീസ് നടത്തും. നിലവിൽ സ്പാ കേന്ദ്രങ്ങൾ സംബന്ധിച്ച് പരാതികളൊന്നും രേഖാമൂലം ലഭിച്ചിട്ടില്ല.

നഗരത്തിൽ ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് തിരുമ്മൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഇത്തരത്തിൽ ഹോസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയതിന് മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തുന്നതായിരുന്നു ഇവരുടെ രീതി. അന്യ സംസ്ഥാനത്ത് നിന്നുള്ള സ്ത്രീകൾ ഇത്തരം ഹോംസ്റ്റേകളിൽ പതിവായി വന്നുപോകാറുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്.

കണക്കെടുപ്പിന് തുടക്കം

1. ലൈസൻസോടെ, മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കും

2. അംഗീകാരമില്ലാത്തവയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറി​യി​ച്ചു

3. പല കേന്ദ്രങ്ങളിലും കോളേജ് വിദ്യാർത്ഥികളെ ഉൾപ്പടെ തിരുമ്മൽ നടത്താനായി നിയോഗിക്കാറുണ്ട്

4. കൃത്യമായ പരിശീലനം നേടാത്തവരാണ് തി​രുമ്മൽ നടത്തുന്നതെന്നും ആക്ഷേപമുണ്ട്

സ്പാ മാനദണ്ഡങ്ങൾ

 പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ വേണം

 പരിസരം വൃത്തിയുള്ളതും അണുവിമുക്തമായതും ആയിരിക്കണം

 ഡിസ്പോസിബിൾ ഷീറ്റുകൾ, ടവലുകൾ എന്നിവ ഉപയോഗിക്കണം

സ്പാ കേന്ദ്രങ്ങളുടെ കണക്കെടുപ്പ് നടന്നുവരി​കയാണ്. ഓരോ കേന്ദ്രത്തി​ലും എത്തി പരിശോധന നടത്തി അനധികൃതമായവയ്ക്കെതിരെ നടപടി സ്വീകരിക്കും

- ടൂറിസം പൊലീസ്