എ.ടി.എമ്മും യു.പി.ഐയും വഴി പി.എഫ് പിൻവലിക്കൽ ഏപ്രിൽ ഒന്നു മുതൽ

Tuesday 10 February 2026 12:27 AM IST

ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗമായവർക്ക് നിക്ഷേപ തുകയുടെ നിശ്ചിത ഭാഗം എ.ടി.എമ്മും യു.പി.ഐ വഴിയും പിൻവലിക്കാനുള്ള സൗകര്യം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വന്നേക്കും. ഇതിനായുള്ള മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണം പിൻവലിക്കാനാകുക.

നിലവിൽ അതത് ഓഫീസുകൾ വഴി ഒാൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകി അനുമതി ലഭിച്ച ശേഷം ഇ.പി.എഫ് അക്കൗണ്ട് ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുകയാണ്. ക്ലെയിം അനുവദിച്ചാലും പണം ലഭിക്കാൻ രണ്ടാഴ്ചവരെ സമയമെടുക്കാറുണ്ട്. അത് തത്സമയമോ 24 മണിക്കൂറിനുള്ളിലോ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ്.ഒയിൽ മൂന്നാം തലമുറ സോഫ്റ്റ്‌വെയർ പരിഷ്‌കാരവും ബാങ്കുകളുമായുള്ള ചർച്ചയും ഇ.പി.എഫ്.ഒ നേരത്തെ തുടങ്ങിയിരുന്നു.

നിലവിലെ ചട്ടങ്ങൾ:

1. അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് വീട് വാങ്ങാനും നിർമ്മിക്കാനും പി.എഫ് നിക്ഷേപത്തിന്റെ 90% വരെ പിൻവലിക്കാം. 2. മെഡിക്കൽ അത്യാഹിതങ്ങൾക്ക് ആറു മാസത്തെ അടിസ്ഥാന വേതനത്തിനും ക്ഷാമബത്തയ്ക്കും തുല്യമായ തുക, അടങ്കൽ തുക(വിഹിതം) ഇതിൽ ഏതാണോ കുറവ് അത് അംഗങ്ങൾക്ക് പിൻവലിക്കാം. 3.മക്കളുടെ വിദ്യാഭ്യാസം വിവാഹം എന്നിവയ്ക്ക് ഏഴു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് 50% വരെ പിൻവലിക്കാം.

4. 54 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക് വിരമിക്കൽ തീയതിയുടെ ഒരു വർഷത്തിനുള്ളിൽ ബാലൻസ് തുകയുടെ 90% വരെ പിൻവലിക്കാം.