ചിന്നു പാപ്പുവിന്റെ വിയോഗത്തിൽ നടുങ്ങി സോഷ്യൽമീഡിയ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ
കാസർകോട്:സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പു എന്ന രേഷ്മ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച വാർത്തയിൽ നടുങ്ങി ആരാധകസമൂഹം. യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് ഗംഗാധരനും സഹോദരൻ രഞ്ജിത്തും രംഗത്തുവന്നിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ അടുത്തകാലത്തായി നടന്ന സംഭവങ്ങളിലെ മനോവിഷമമാണ് രേഷ്മയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന നിലപാടിലാണ് യുവതിയുടെ ബന്ധുക്കൾ.
ഒരു മാസം മുമ്പാണ് രേഷ്മയും ഭർത്താവായ പ്രജുലും കാസർകോട് കുടുംബകോടതി വഴി വിവാഹ ബന്ധം വേർപിരിഞ്ഞത്. അഞ്ചുവർഷം മുമ്പ് പ്രണയിച്ച് വിവാഹജീവിതം തുടങ്ങിയ ഇവർക്ക് ദീക്ഷിത് എന്ന നാലു വയസുള്ള മകനുമുണ്ട്. വിവാഹ ബന്ധം അവസാനിച്ചതിന് ശേഷം മാനസികമായി ഏറെ വിഷമത്തിലായിരുന്നുവെങ്കിലും അത് പുറത്തു പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
മകൾ എല്ലാം ഉള്ളിൽ ഒതുക്കുന്ന സ്വഭാവക്കാരിയായിരുന്നുവെന്നും പ്രശ്നങ്ങൾ തങ്ങളോട് തുറന്ന് പറയാറില്ലെന്നും പിതാവ് പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ജോലിസൗകര്യത്തിനായി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൂരിയിലെ വാടക ക്വാർട്ടേഴ്സിൽ ഒറ്റയ്ക്കാണ് രേഷ്മയുടെ താമസം.പ്രമോഷൻ വീഡിയോ ചെയ്യാൻ പോകുമ്പോൾ മകനെ മാതാ പിതാക്കളുടെ കൂടെയാക്കും. സംഭവം നടന്ന സമയത്തും മകൻ ആദൂരിലെ വീട്ടിലായിരുന്നു.പ്രമോഷൻ വീഡിയോകളുടെയും ഷൂട്ടിംഗിന്റെയും ഭാഗമായി പലപ്പോഴും രേഷ്മയ്ക്ക് പുറത്തുപോകേണ്ടി വരുമായിരുന്നുവെന്ന് സഹോദരൻ പറയുന്നു.
പിതാവും സഹോദരനും പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രേഷ്മയെ വാടകമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ച അയൽവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാദ്ധ്യതകൾ പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണത്തിൽ വ്യക്തത വരികയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കാസർകോടൻ ഭാഷയിൽ ആരാധകരെ കൈയിലെടുത്ത ചിന്നു പാപ്പു
തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നുപാപ്പൂവിന്റെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രാദേശിക വിഭവങ്ങളെയും നാടൻ ഭക്ഷണത്തെയും എല്ലാം തനിമ ചോരാതെ പരിചയപ്പെടുത്തുന്ന വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ചക്കാരായുള്ളത്.