അണ്ടർ പാസ് അടഞ്ഞുതന്നെ പതിനൊന്നാം മൈലിൽ യാത്രാ ദുരിതം

Tuesday 10 February 2026 1:38 AM IST

മുഹമ്മ: പതിനൊന്നാം മൈൽ മേഖലയിലെ അണ്ടർ പാസ് തുറക്കാത്തത് മുഹമ്മ, ചേർത്തല മേഖലകളിലെ യാത്രക്കാരെ വലക്കുന്നു. മുഹമ്മയിൽ നിന്ന് ചേർത്തല, അഴീക്കൽ, ആരൂർമുക്കം, ചെല്ലാനം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരുവിഴാ ജംഗ്ഷനിലെത്തി തിരിഞ്ഞ് കിലോമീറ്റകൾ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകളെയാണ് ഇത് ഏറെ ബാധിക്കുന്നത്. നാലു മുതൽ ആറ് ട്രിപ്പ് വരെ സർവീസ് നടത്തുന്ന സ്വകര്യ ബസുകൾക്ക് നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാത്തതും ഇന്ധനനഷ്ടവും പ്രതിസന്ധിയാണ്. ഓരോ തവണയും പതിനൊന്നാം മൈലിൽ നിന്ന് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് തിരുവിഴായിലെത്തി അണ്ടർ പാസിലൂടെ വീണ്ടും മൂന്നു കിലോമീറ്റർ തിരികെ സഞ്ചരിച്ച് പതിനൊന്നാം മൈലിലെത്തി വേണം വിവിധ റൂട്ടുകളിലേയ്ക്ക് തിരിയാൻ. താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. സ്വകാര്യ ബസുകളുടെ സർവീസ് ഇല്ലാത്ത തിരുവിഴാ അണ്ടർ പാസ് തുറക്കുന്നതിൽ കാണിച്ച താത്പ്പര്യം പതിനൊന്നാം മൈലിൽ കാണിച്ചില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. നിരവധി പരാതികൾ നൽകിയിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ല. ഇത്രയും തിരക്കില്ലാത്ത തങ്കികവല, പത്മാക്ഷികവല എന്നിവിടങ്ങളിൽ അണ്ടർ പാസ് തുറന്നപ്പോഴും പതിനൊന്നാം മൈൽ മേഖലയെ അധികൃതർ അവഗണിച്ചു.