വത്സന്റെ വാത്സല്യമുള്ളപ്പോൾ വാരംകടവിൽ തൈകൾ വാടില്ല..!
പാതയോരത്തെ ചെടികൾക്ക് വെള്ളമൊഴിക്കുന്നത് ജീവിതവ്രതമാക്കി ലോട്ടറിവില്പനക്കാരൻ
കണ്ണാടിപ്പറമ്പ്: വഴിയോര സസ്യങ്ങൾക്ക് വെള്ളവും വാത്സല്യവും പകരുന്നത് കണ്ണാടിപ്പറമ്പ് വാരംകടവിലെ പുതിയപുരയിൽ വത്സന് ജന്മദൗത്യമാണ്. വത്സന്റെ വാത്സ്യല്യമേറ്റ് ചെറുമരത്തൈകൾ പടർന്ന് പന്തലിച്ച് വൻമരങ്ങളായി വാരം കടവ് പാലത്തിന് സമീപം തലയുയർത്തി നിൽക്കുന്നുമുണ്ട്.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് വാരം കടവ് പുതിയ പാലത്തിന്റെ നിർമ്മാണ വേളയിൽ അപ്രോച്ച് റോഡുകളിൽ ഗതാഗത വകുപ്പും വനംവകുപ്പും മരതൈകൾ നട്ടിരുന്നു. റോഡിന് ഇരുവശവും ആ മരങ്ങൾ വളർന്നുപന്തലിച്ച് നിൽക്കുന്നുണ്ട. കണ്ണൂർ - കാസർകോട് ലൈനിലോടുന്ന ട്രെയിനുകളിൽ ലോട്ടറി വിൽപ്പനയാണ് വത്സന്റെ ജോലി. ഇതിന്റെ ഇടവേളയിൽ കിട്ടുന്ന സമയത്താണ് മരത്തൈകളുടെ പരിപാലനം.
പൂവരശ് , ഉങ്, എണ്ണ പുന്ന , ആവിൽ , ബദാം , നെല്ലി, ആറ്റുവഞ്ചി , പേര, ഇത്തി, ഇലഞ്ഞി, കൊന്ന , കൂവളം , സോപ്പും കായ, മണി മരുത്, പാരിജാതം, അരണ മരം , കറുവ , തുടങ്ങി ഇരുപത്തിയഞ്ചോളം ആയുർവേദ മരങ്ങളും
മാവ്, നെല്ലി, പതിമുഖം, കരിങ്ങാലി, കുമുത് തുടങ്ങി മരങ്ങളും വത്സന്റെ പരിചരണത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്.
മാതോടം ഇ.കെ.നായനാർ സ്മാരക വായനശാലയുടെ സഹായത്തോടെ കഴിഞ്ഞ വർഷം പറശ്ശിനിക്കടവ് എം.വി. ആർ. ആയുർവേദ മെഡിക്കൽ കോളേജ് എൻ.എസ്.എസ് യൂണിറ്റ് പഠനക്യാമ്പിന്റെ ഭാഗമായി വാരം കടവ് അപ്രോച്ച് റോഡിന്റെ ഇരു വശത്തും ആയുർവേദ ഔഷധ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ഇവയ്ക്ക് വെള്ളമൊഴിക്കുന്നതും ഇദ്ദേഹമാണ്.
വാരംകടവ് പുഴയോരത്താണെങ്കിലും പുഴയിലെ ഉപ്പുവെള്ളം മരത്തൈകൾക്ക് ഒഴിക്കാനാകില്ല. തന്റെ വീട്ടിൽ നിന്നും കിണർ വെള്ളം കോരി ബക്കറ്റിൽ ചുമന്നാണ് ഈ 56കാരൻ ഇവയെ നനയ്ക്കുന്നത്. ഒരു ജോലിയായല്ല, തന്റെ ഒഴിവു വേളയിൽ മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന പ്രവൃത്തിയായാണ് ഇദ്ദേഹം ഇതിനെ കാണുന്നത്.