സവർക്കർക്കല്ല, ഭാരതരത്നം നാഥുറാം ഗോഡ്സെയ്ക്ക് കൊടുക്കണം: കോൺഗ്രസ് നേതാവ്

Thursday 17 October 2019 10:07 AM IST

നാഗ്പ്പൂർ: ദാമോദർ സവർക്കല്ല. നാഥുറാം ഗോഡ്സെയ്ക്കാണ് കേന്ദ്ര സർക്കാർ ഭാരതരത്‍ന നൽകേണ്ടതെന്ന് എൻ.ഡി.എയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ബി.ജെ.പിയുടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സവർക്കർക്ക് ഭാരതരത്ന വാഗ്‌ദാനമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നേരെ ഗോഡ്സെയ്ക്ക് തന്നെ ഭാരതരത്‌നം നൽകണം എന്ന് അദ്ദേഹം പരിഹസിച്ചത്. ബി.ജെ .പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

'എന്തിനാണ് എൻ.ഡി.എ/ബി.ജെ.പി ഭാരതരത്നം സവർക്കർക്ക് നൽകണമെന്ന് ആഗ്രഹിക്കുന്നത്? അത് ഗോഡ്സെയ്ക്ക് നൽകിക്കൂടെ? ഗാന്ധിവധത്തിൽ സവർക്കർക്കെതിരെ ചാർജ്ഷീറ്റ് മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അയാളെ പിന്നീട് വെറുതെ വിടുകയും ചെയ്തു. എന്നാൽ ഗോഡ്‌സെയെ ജയിലിൽ അടയ്ക്കുകയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തു. ഗാന്ധിജിയുടെ 150ആം വാർഷികത്തിൽ അദ്ദേഹത്തെ അവഹേളിക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ അത് വൃത്തിയായി ചെയ്യുകയല്ലേ നല്ലത്?' മനീഷ് തിവാരി തന്റെ ട്വീറ്റിലൂടെ ചോദിച്ചു.

ബുധനാഴ്ച, ബി.ജെ.പിയുടെ ഈ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിനെതിരെ കോൺഗ്രസ് നേതാവ് റാഷിദ് ആൽവിയും രംഗത്ത് വന്നിരുന്നു. എല്ലാവർക്കും സവർക്കറുടെ ചരിത്രം അറിയാമെന്നും അയാൾ ഗാന്ധിജിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ആളാണെന്നും ഇനി ബി.ജെ.പി ഗോഡ്സെയ്ക്ക് ഭാരതരത്നം കൊടുക്കുമോ എന്നാണ് തന്റെ ഭയമെന്നുമാണ് അദ്ദേഹം പറഞ്ഞത്.