മേയറുടെ നടപടി : ഉപയോഗശൂന്യമായ ഇ-ടോയ്‌ലറ്റുകൾ പൊളിച്ച് മാറ്റി

Tuesday 10 February 2026 12:00 AM IST

ശക്തൻ നഗറിലെ ഇ.ടോയ്‌ലറ്റുകൾ പൊളിച്ചു മാറ്റുന്നു

തൃശൂർ : ജില്ലാ മർച്ചന്റ്‌സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിന് പിന്നാലെ ശക്തൻ നഗറിൽ ദീർഘകാലമായി നിലനിന്നിരുന്ന ശുചിത്വ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മണിക്കൂറുകൾക്കകം അടിയന്തര നടപടികൾ സ്വീകരിച്ചതായി മേയർ ഡോ.നിജി ജസ്റ്റിൻ അറിയിച്ചു. ശക്തൻ തമ്പുരാൻ പച്ചക്കറി, കായ, മത്സ്യമാംസ മാർക്കറ്റുകൾ നേരിട്ട് സന്ദർശിച്ച് കുടിവെള്ള ക്ഷാമം, പൊതുശൗചാലയങ്ങളുടെ അപര്യാപ്തത, ഇൻസിനറേറ്ററിന്റെ പ്രവർത്തനക്ഷമത, ഉപയോഗശൂന്യമായ ഇടോയ്‌ലറ്റുകളുടെ ദുരവസ്ഥ എന്നിവ മേയർ നേരിട്ട് വിലയിരുത്തി.ഉപയോഗശൂന്യമായ ഇ ടോയ്‌ലറ്റ് ഉടൻ പൊളിച്ചു നീക്കാൻ നിർദ്ദേശം നൽകി. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ഇ ടോയ്‌ലറ്റ് പൂർണമായും പൊളിച്ചുനീക്കി. ഇതോടൊപ്പം ശക്തൻ സ്റ്റാൻഡിലെ നിലവിലുള്ള ശുചിമുറികൾ സമ്പൂർണ്ണമായി ശുചീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കി. പച്ചക്കറി മാർക്കറ്റ് പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ സി.സി.എം എം.ജലീൽ നേതൃത്വം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, മറ്റ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളുടെ പരാതികൾക്ക് വൈകാതെ പരിഹാരം കാണുക എന്നതാണ് നഗരസഭയുടെ പ്രവർത്തന ശൈലിയെന്ന് മേയർ വ്യക്തമാക്കി.