കഥകൾ കാലത്തെ അതിജീവിക്കുന്നു: കെ. സച്ചിദാനന്ദൻ

Tuesday 10 February 2026 12:00 AM IST

തൃശൂർ: മുപ്പതുവർഷംമുമ്പ് ഭൂമി വിട്ടുപോയിട്ടും ഇ.പി. സുഷമയുടെ കഥകൾ കാലത്തെ അതിജീവിക്കുന്നുവെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. ഇ.പി. സുഷമയുടെ മുപ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ എഴുതുന്ന സാഹിത്യം സമൂഹത്തിൽ വ്യത്യസ്തമായ സംവേദനതീക്ഷ്ണത അടയാളപ്പെടുത്തുന്നുണ്ട്. കെ. സരസ്വതിഅമ്മയും രാജലക്ഷ്മിയും എഴുതിയ കാലത്തിൽനിന്ന് സ്ത്രീ എഴുത്തുകാർ ബഹുദൂരം സഞ്ചരിച്ചു. സുഷമയുടെ കഥയുടെ ക്രാഫ്റ്റ് സമകാലികമായി നിലനിൽക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി. സരസ്വതി, കെ.വി. സുമംഗല, ശ്രീലത, ഡോ. പി. രശ്മി, ഷീനാ കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.