ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കായികമേളയ്ക്ക് ഇന്ന് തുടക്കം

Tuesday 10 February 2026 12:00 AM IST

തൃശൂർ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടിന് അക്വാട്ടിക് കോംപ്ലക്‌സിൽ നീന്തൽ മത്സരമാരംഭിക്കും. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ വി.പി.ജഗതി രാജ് ഉദ്ഘാടനം ചെയ്യും. 450 താരങ്ങൾ പങ്കെടുക്കും. 17ന് തൃശൂർ സായ് സെന്ററിലാണ് വോളിബാൾ മത്സരങ്ങൾ. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മാർച്ച് 22, 23 തീയതികളിൽ അത്‌ലറ്റിക് മത്സരങ്ങളും 24, 25 തീയതികളിൽ ഫുട്ബാൾ മത്സരങ്ങളും നടക്കും. പുരുഷ, വനിത, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിലായി 32 ഇനങ്ങളിലാണ് മത്സരം. വിവിധ വിഭാഗങ്ങളിലായി 4,071 പേർ പങ്കെടുക്കും. അഡ്വ.ജി.സുഗുണൻ, ഡോ.എൻ.എ.ജോമോൻ, ടോജോമോൻ മാത്യു എന്നിവർ പങ്കെടുത്തു.