ജില്ലാ കേരളോത്സവം :കോർപ്പറേഷൻ ഓവറാൾ ചാമ്പ്യൻമാർ

Tuesday 10 February 2026 12:11 AM IST
ജില്ലാ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തൃശൂർ കോർപറേഷൻ മന്ത്രി കെ.രാജൻ ട്രോഫി സമ്മാനിക്കുന്നു

തൃശൂർ: ജില്ലാ കേരളോത്സവത്തിൽ തൃശൂർ കോർപറേഷൻ ഓവറാൾ ചാമ്പ്യൻമാർ. 309 പോയിന്റ് നേടിയാണ് കോർപ്പറേഷൻ കിരീടം നേടിയത്. 243 പോയിന്റ് നേടി പുഴയ്ക്കൽ ബ്ലോക്ക് രണ്ടാം സ്ഥാനവും 202 പോയിന്റ് നേടി തളിക്കുളം ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്, മോഹിനിയാട്ടം സെക്കൻഡ് എ ഗ്രേഡ്, നാടോടിനൃത്തം സെക്കൻഡ് എ ഗ്രേഡ്, മോണോആക്ട് തേർഡ് എ ഗ്രേഡ് നേടി ഒല്ലൂക്കര ബ്ലോക്കിൽ നിന്ന് വൈഷ്ണവി കെ. നായർ കലാതിലക പട്ടവും, കവിതാരചന ഇംഗ്ലീഷ് ഫസ്റ്റ് എ ഗ്രേഡ്, കഥാരചന മലയാളം ഫസ്റ്റ് എ ഗ്രേഡ്, പ്രസംഗം ഇംഗ്ലീഷ് തേർഡ് എ ഗ്രേഡ് നേടി തൃശൂർ കോർപ്പറേഷനിലെ അലൻ പോൾ വർഗ്ഗീസ് കലാപ്രതിഭാ പട്ടവും നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിൽ ദീർഘകാലം പ്രവർത്തിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന് കൂടി അവരുടെ കലാ, സാഹിത്യ, കായിക അഭിരുചികൾ ശക്തിപ്പെടുത്താനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ചെയർപേഴ്‌സൺമാരായ പി.ഐ. സജിത, പി.എസ്.വിനയൻ, ഷീല ജോർജ്, കെയർ മായ ടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ലാ യൂത്ത് കോഡിനേറ്റർ വി.പി.ശരത്ത് പ്രസാദ്, തുടങ്ങിയവർ പങ്കെടുത്തു.