ജനറൽ ആശുപത്രിയിലെ'രോഗം' മാറ്റാൻ ആരോഗ്യമന്ത്രിയെ കാണാൻ മേയർ
തൃശൂർ: പ്രസവശിശു വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഐ.സി.യു സൗകര്യങ്ങളുടെ അഭാവം, സുരക്ഷാ പ്രശ്‌നങ്ങൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി കോർപറേഷൻ. അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ മേയർ ഡോ.നിജി ജസ്റ്റിനും സംഘവും നാളെ ആരോഗ്യമന്ത്രിയെ കാണും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടും. അമ്മമാരുടെയും നവജാത ശിശുക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കോർപറേഷൻ ഭരണസമിതി പറയുന്നു. കുട്ടികളുടെ വാർഡിലേക്ക് പോകുന്നതിന് ലിഫ്റ്റ് സൗകര്യമില്ല. കെട്ടിടം നിർമ്മാണം പൂർത്തിയാക്കി അമ്മയും കുഞ്ഞും ബ്ലോക്ക് മാറിയാലേ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരണം സാധിക്കൂ. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഓത്തോ, ഇ.എൻ.ടി, ഡെർമറ്റോളജി, സൈക്യാട്രി, ഒഫ്ത്താൽമോളജി, ഓങ്കോളജി, ഫൊറൻസിക് മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങൾ ആശുപത്രിയിലുണ്ട്. നിരവധിപേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പരാതികൾ ലഭിച്ചെന്ന് അധികൃതർ പറയുന്നു.
പണിത് പണിത് അമ്മയും കുഞ്ഞും ബ്ലോക്കും
പത്ത് വർഷമായി നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ബ്ലോക്ക് ഉടൻ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും. ഫയർ ആൻഡ് സേ്ര്രഫി സർട്ടിഫിക്കറ്റിനായി ഏറെക്കാലത്തിന് ശേഷമാണ് ഉപയോഗ ശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ച് നീക്കിയത്. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വാട്ടർ ടാങ്കും സമീപമുള്ള കഞ്ഞിപ്പുരയും നീക്കണമായിരുന്നു. ഇതിന് പുറമേ കെട്ടിടത്തിന്റെ പിറക് വശത്ത് മതിൽ പൊളിച്ച് പുറത്തേക്ക് വഴിയുണ്ടാക്കണം. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ ഫയർ ആൻഡ് സേ്ര്രഫി സംവിധാനവും ഒരുക്കണം.
തൃശൂർ ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതവും മാന്യവുമായ ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. വിഷയത്തിൽ അടിയന്തര ധനസഹായവും സമയബന്ധിതമായ നവീകരണ നടപടികളും ഉണ്ടാകണം.
ഡോ.നിജി ജസ്റ്റിൻ മേയർ .