സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്, എസ്.ഐ.ആർ നടപടികൾ തടസപ്പെടുത്തരുത്

Tuesday 10 February 2026 12:42 AM IST

ബംഗാളിലെ എസ്.ഐ.ആർ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയെ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമായി മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ഇടക്കാല നി‌ർദ്ദേശങ്ങൾ,വ്യക്തത വരുത്തലുകൾ എന്നിവ ആവശ്യമാണെങ്കിൽ ഉത്തരവിടാൻ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ബംഗാളിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അടക്കം സമർപ്പിച്ച ഹ‌ർജികൾ പരിഗണിക്കവെയാണിത്. ക്രമസമാധാനം നിലനിറുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകും. പ്രക്രിയ സുഗമമായി നടത്താൻ ആവശ്യമായ മാർഗനിർദ്ദേശം പുറത്തിറക്കും. ബംഗാൾ സർക്കാർ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം. ഉദ്യോഗസ്ഥർ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അവരെ ഭീഷണിപ്പെടുത്തുന്നു. മമത പ്രകോപനപ്രസംഗം നടത്തുന്നത് അക്രമങ്ങൾക്ക് ഇന്ധനമാകുന്നുണ്ട്. വീഴ്ച വരുത്തുന്ന ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്‌തിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നും കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതികളിൽ ബംഗാൾ ഡി.ജി.പി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സത്യവാങ്മൂലം സമർപ്പിക്കണം. ജോലി കൃത്യമായി ചെയ്യാത്തവരെ ഒഴിവാക്കി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ കമ്മിഷന് സ്വാതന്ത്ര്യം നൽകി.

അതേസമയം, ബംഗാളിൽ 14ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ തീരുമാനം. എന്നാൽ പ്രക്രിയ 14 മുതൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ പരാതികളിൽ പരിശോധന നടത്തി തീരുമാനമെടുക്കാൻ കൂടുതൽ സമയം അനുവദിക്കേണ്ടത് അനിവാര്യമാണ്. പേരിലെ അക്ഷരത്തെറ്റ് തുടങ്ങിയ നിസാരതെറ്റുകൾക്ക് നോട്ടീസ് അയക്കുന്ന കമ്മിഷൻ നടപടിയെ കോടതി വിമർശിച്ചു.

സഹായിക്കാൻ മൈക്രോ

ഒബ്സർവർമാർ

8550 ഗ്രൂപ്പ് ബി സർക്കാർ ഉദ്യോഗസ്ഥരെ എസ്.ഐ.ആർ ജോലികൾക്കായി കമ്മിഷന് വിട്ടുനൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അവർ ജില്ലാ വരണാധികാരികൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണം. അക്കാര്യം ബംഗാൾ സർക്കാർ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇവരിൽ യോഗ്യതയുള്ളവരെ കണ്ടെത്തി രണ്ടുദിവസത്തെ പരിശീലനം നൽകി മൈക്രോ ഒബ്സർവർമാരാക്കണം. വോട്ടർമാരുടെ പരാതികളിൽ അവർ സ്വന്തം നിലയിൽ തീരുമാനമെടുക്കരുത്. അതിനുള്ള അധികാരം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് മാത്രമാണ്. ഓഫീസർമാരെ സഹായിക്കൽ മാത്രമായിരിക്കണം മൈക്രോ ഒബ്സർവർമാരുടെ ജോലി.

മമതയെ പ്രകീർത്തിച്ച്

കോടതി

ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ വാദമുഖങ്ങൾ നിരത്താൻ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടു ഹാജരായതിനെ സുപ്രീംകോടതി പ്രകീർത്തിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയുടെ എതിർപ്പ് തള്ളി. രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.