പരീക്ഷാ പേ ചർച്ചയിൽ മോദി: കുട്ടികൾ സാങ്കേതിക വിദ്യയുടെ അടിമയാകരുത്
ന്യൂഡൽഹി: സാങ്കേതിക വിദ്യയെ തങ്ങളുടെ യജമാനനാകാൻ അനുവദിക്കരുതെന്ന് കുട്ടികളോട് പ്രധാനമന്ത്രി നരേന്ദ്ര
മോദി. കോയമ്പത്തൂർ, ഛത്തീസ്ഗഡിലെ റായ്പൂർ, ഗുജറാത്തിലെ ദേവ്‌മോഗ്ര, അസാമിലെ ഗുവാഹത്തി എന്നിവിടങ്ങളിൽ നടന്ന 'പരീക്ഷാ പേ ചർച്ച'യുടെ രണ്ടാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലെ എല്ലാ കാലഘട്ടത്തിലും പുതിയ സാങ്കേതിക വിദ്യകൾ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. അവ മനുഷ്യ ജീവിതത്തിന്റെ യജമാനനാകാൻ അനുവദിക്കരുത്. 'ഞാൻ ഒരു അടിമയാകില്ല' എന്നുറപ്പിക്കണം.കാളവണ്ടിയിൽ നിന്ന് വിമാനത്തിലേക്കുള്ള ഗതാഗത മാറ്റം പോലെ ജോലി സ്വഭാവം മാറും. സാങ്കേതികവിദ്യ മനസ്സിലാക്കി സ്വന്തം കഴിവുകൾ വികസിപ്പിച്ച് കരുത്തു കൂട്ടണം. സംരംഭം തുടങ്ങാൻ പ്രായപരിധിയില്ല. ചെറിയ സ്റ്റാർട്ടപ്പുകൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയും. സാങ്കേതിക വിദ്യയിലോ ,സാമ്പത്തിക കാര്യങ്ങളിലോ വിദഗ്‌ദ്ധരായ സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ടീമുകൾ രൂപീകരിക്കുക. സ്റ്റാർട്ടപ്പുകൾ സന്ദർശിച്ച് സ്കൂൾ പ്രോജക്‌ടുകൾ തയ്യാറാക്കാനും അദ്ദേഹം നിർദ്ദേശിച്ചു .മാലിന്യം വലിച്ചെറിയാതിരിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ചെറിയ ചുവടുകൾ ദേശീയ പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കുള്ള
ഉപദേശങ്ങൾ:
പരീക്ഷാ സമ്മർദ്ദം താത്ക്കാലികമെന്ന് പിന്നീട് ബോധ്യപ്പെടും. ടെൻഷൻ മറി കടക്കാൻ വെറുതെ വായിക്കാതെ പതിവായി ചോദ്യപേപ്പറുകൾ എഴുതി പരിശീലിക്കുക. നിരന്തരമായ പരിശീലനം സമ്മർദ്ദത്തെ തടയും. നല്ല ഉറക്കം മനസ്സിനെ
ഫ്രഷാക്കും, പുതിയ ആശയങ്ങൾ രൂപപ്പെടുത്തും.
വിജയത്തിന് പ്രചോദനവും അച്ചടക്കവും അത്യാവശ്യം. അച്ചടക്കമില്ലെങ്കിൽ പ്രചോദനം ഭാരമാകും.
പഠനത്തിൽ നിരന്തരമായ പരിശീലനവും അച്ചടക്കവും മത്സരവും കരുത്ത് നൽകും. പിന്നാക്കമായവരെ സഹായിക്കണം.
കായികരംഗത്ത് മികവുണ്ടെങ്കിലും പഠനത്തിൽ തിളങ്ങണം. മൈതാനത്ത് മാത്രം ഒതുങ്ങിയാൽ അറിവില്ലാതാകും.
മഹദ് വ്യക്തികളുടെ ജീവിതത്തിൽ അമ്മയും അദ്ധ്യാപകരും സ്വാധീനം ചെലുത്തും
ആഗ്രഹമുള്ള ഭക്ഷണം കഴിക്കുക.