സ്‌പീക്കർക്കെതിരെ വനിതാ എം.പിമാർ

Tuesday 10 February 2026 12:46 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയെ ഖെരാവോ ചെയ്യാൻ പദ്ധതിയിട്ടെന്ന ആരോപണം അന്തസും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതാണെന്ന് വിമർശിച്ച് കോൺഗ്രസ് വനിതാ എം.പിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തെഴുതി. വനിതാ എം.പിമാരുടെ പദ്ധതി മുൻകൂട്ടി അറിഞ്ഞതിനാൽ നയപ്രഖ്യാപന ചർച്ചയ്‌ക്കുള്ള മറുപടിക്ക് പ്രധാനമന്ത്രി സഭയിൽ വരുന്നത് വിലക്കിയെന്ന് സ്‌പീക്കർ പറഞ്ഞിരുന്നു. ജോതിമണി, വർഷാ ഗെയ്‌ക്ക്‌വാദ്, ആർ. സുധ, ജെനിബെൻ നാഗാജി, പ്രിയങ്കാ ഗാന്ധി, ജ്യോത്സനാ ചന്ദ്രദാസ് എന്നിവരാണ് കത്തെഴുതിയത്.

ലോക്‌സഭാ സ്‌തംഭനം

തുടരുന്നു

ഇന്ത്യ- യു.എസ് വ്യാപാര കരാറിനെ കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും ലോക്‌സഭയിൽ ബഹളമുണ്ടാക്കി. രണ്ടു തവണ നിറുത്തിവച്ച സഭ പിരിഞ്ഞു. ചോദ്യോത്തര വേളയും ശൂന്യവേളയും തടസപ്പെട്ടു. രണ്ടിന് കേന്ദ്ര ബഡ്‌ജറ്റിനുമേലുള്ള ചർച്ച തുടങ്ങാനൊരുങ്ങവെ രാഹുൽ ഗാന്ധി സംസാരിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അനുവദിച്ചില്ല. സഭ വീണ്ടും തടസപ്പെട്ടു. സസ്‌‌പെൻഷനിലുള്ള എട്ട് എം.പിമാർ 'സസ്‌പെൻഡ് ചെയ്യാം, നിശബ്ദരാക്കാൻ കഴിയില്ല" എന്നെഴുതിയ ബാനറുമായി പുറത്ത് പ്രതിഷേധിച്ചു.